ആരോഗ്യ മന്ത്രി നടത്തുന്നത് നാണവും മാനവുമില്ലാത്ത വാചക കസർത്ത്; രാജി വെച്ച് വാർത്ത വായിക്കാൻ പോകണം; ആരോഗ്യ വകുപ്പ് വെന്റിലേറ്ററിൽ അല്ല, മോർച്ചറയിലാണ്; വീണാ ജോർജിനെതിരെ രൂക്ഷ വിമർശനുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ആരോഗ്യമന്ത്രി സ്ഥാനം രാജിവെച്ച് വാർത്ത വായിക്കാൻ പോകണമെന്ന് അവകാശപ്പെട്ട മുരളീധരൻ മന്ത്രിയുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിക്ക് നട്ടെല്ലില്ലെന്നും കുറ്റപ്പെടുത്തി. വീണാ ജോർജ് കോട്ടയത്ത് ഇല്ലായിരുന്നെങ്കിൽ മരണപ്പെട്ട ബിന്ദു രക്ഷപ്പെട്ടേനെ. കെട്ടിടത്തിന് അടിയിൽ ആരുമില്ലെന്ന് പറഞ്ഞത് മന്ത്രിയാണ്. വീട്ടമ്മയെ കൊന്ന കേസിൽ പ്രതി ചേർക്കപ്പെടേണ്ട സ്ത്രീയാണ് ആരോഗ്യ മന്ത്രിയെന്നും കെ മുരളീധരൻ ആരോപിച്ചു.
മന്ത്രി നാണവും മാനവും ഇല്ലാതെ വാചക കസർത്ത് നടത്തുകയാണ്. ആരോഗ്യ വകുപ്പ് വെന്റിലേറ്ററിൽ അല്ല, മോർച്ചറയിൽ ആണ്. ആരോഗ്യ മന്ത്രി രാജി വച്ച് വാർത്ത വായിക്കാൻ പോകണമെന്നും മുരളീധരൻ ആവർത്തിച്ചു. ഒരു ജീവന് 10 ലക്ഷമാണോ വില, 25 ലക്ഷം കൊടുക്കണം. സർവകലാശാലകളെ രക്ഷിക്കാനല്ല ഡിവൈഎഫ്ഐ സമരം നടത്തേണ്ടത്. വീണ ജോർജിനെ സംരക്ഷിക്കാൻ സമരം നടത്തട്ടെ. പരിയാരം മെഡിക്കൽ കോളജ് ഭരിക്കുന്നത് ജയരാജൻമാരാണ്. രണ്ടു കാലിൽ വരുന്നവർ മൂക്കിൽ പഞ്ഞി വെച്ച് തിരിച്ചു പോകുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
രണ്ട് വീണകളെ കൊണ്ട് പിണറായിക്ക് കഷ്ടകാലമാണ്. ഒന്ന് മകളാണ്, അത് ഉപേക്ഷിക്കാൻ പറ്റില്ലെന്നും അദ്ദേഹം വിമർശിച്ചു. സർവകലാശാലകളെ രക്ഷിക്കാനല്ല ഡിവൈഎഫ്ഐ സമരം നടത്തേണ്ടത്. വീണ ജോർജിനെ സംരക്ഷിക്കാൻ സമരം നടത്തട്ടെ. പരിയാരം മെഡിക്കൽ കോളജ് ഭരിക്കുന്നത് ജയരാജൻമാരാണ്. രണ്ടു കാലിൽ വരുന്നവർ മൂക്കിൽ പഞ്ഞി വെച്ച് തിരിച്ചു പോകുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.
ശശി തരൂരിന്റെ നിലപാടുകളെയും കെ മുരളീധരൻ വിമർശിച്ചു. തരൂർ മോദിയെയും പിണറായിയെയും സ്തുതിക്കുന്നുണ്ടെന്നും സ്വന്തം പാർട്ടിക്കാരെ മാത്രമാണ് അദ്ദേഹം സ്തുതിക്കാത്തതെന്നും കുറ്റപ്പെടുത്തി. ശശി തരൂർ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കണം. പാരമ്പര്യമായി കോൺഗ്രസിന്റെ മണ്ഡലമായ തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികളുടെ വോട്ട് നേടിയാണ് ശശി തരൂർ വിജയിച്ചത്. തരൂരിന്റെ നിലപാടുകൾ തിരുത്തണം. തരൂർ മാത്രമല്ല കോൺഗ്രസുകാർ ആര് നിന്നാലും തിരുവനന്തപുരത്ത് ജയിക്കുമെന്നും മുരളീധരൻ പറഞ്ഞു.