കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സമ്മേളനം ക്ഷേത്ര കെട്ടിടത്തില്‍; ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തടഞ്ഞതോടെ മാറ്റവും

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സമ്മേളനം പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലേക്ക് മാറ്റി.

Update: 2024-09-11 09:57 GMT

കണ്ണൂര്‍: ക്ഷേത്ര ഓഫീസ് കെട്ടിടത്തില്‍ സിപിഎം ബ്രാഞ്ച് സമ്മേളനം ചേര്‍ന്നതിനെച്ചൊല്ലി തര്‍ക്കം. കണ്ണൂര്‍ തൊടീക്കളം ക്ഷേത്രത്തിന്റെ കെട്ടിടത്തില്‍ ആയിരുന്നു സിപിഎം ബ്രാഞ്ച് സമ്മേളനം. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സമ്മേളനം പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലേക്ക് മാറ്റി.

ചിറ്റാരിപ്പറമ്പ് തൊടീക്കളം ബ്രാഞ്ച് സമ്മേളനം ഇന്നലെ ചേര്‍ന്നത് നീലകണ്ഠി ഭഗവതി ക്ഷേത്രത്തിന്റെ നിര്‍മാണത്തിലിരിക്കുന്ന ഓഫീസ് കെട്ടിടത്തില്‍.ഇതറിഞ്ഞതോടെയാണ് സംഘപരിവാര്‍ പ്രവര്‍ത്തകരെത്തിയത്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളളതാണ് ക്ഷേത്രം. ഓഫീസ് കെട്ടിടം രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഉപയോഗിക്കരുതെന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ വാദം. അനുമതി വാങ്ങിയാണ് സമ്മേളനമെന്ന് സിപിഎം പ്രവര്‍ത്തകര്‍ മറുപടി നല്‍കി.

തര്‍ക്കമായതോടെ സമ്മേളനം അടുത്ത വീട്ടിലേക്ക് മാറ്റി. സ്വകാര്യവ്യക്തിയുടെ വീട്ടിലാണ് സമ്മേളനം നടന്നതെന്നും സംഘപരിവാറിന്റേത് അപവാദപ്രചരണമെന്നും ചിറ്റാരിപ്പറമ്പ് ലോക്കല്‍ കമ്മിറ്റി പിന്നീട് പ്രസ്താവനയുമിറക്കി. സമ്മേളനം അലങ്കോലപ്പെടുത്താന്‍ മനപ്പൂര്‍വം ശ്രമം നടന്നെന്നും ആരോപിച്ചു.

Tags:    

Similar News