വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടിയുള്ള സിപിഎം സമ്മേളനം; ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി എം വി ഗോവിന്ദന്‍; റോഡ് അടച്ചുള്ള പരിപാടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി കോടതി
റോഡ് അടച്ച് പാര്‍ട്ടി സമ്മേളനം: ഹൈക്കോടതിയില്‍ ഹാജരായി എം.വി.ഗോവിന്ദന്‍
കൊച്ചി: വഞ്ചിയൂരില്‍ റോഡ് അടച്ചുകെട്ടി സിപിഎം ഏരിയാ സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഹൈക്കോടതിയില്‍ ഹാജരായി. മൂന്ന് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നു ഗോവിന്ദന്‍ അറിയിച്ചു. ഈ കേസില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്നു ഗോവിന്ദനെ ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് ഒഴിവാക്കി. കേസ് മാര്‍ച്ച് 3നു വീണ്ടും പരിഗണിക്കും.
ഡിവിഷന്‍ ബെഞ്ച് സ്വമേധയാ എടുത്ത കേസിലാണ് നേരിട്ടെത്തിയത്. ഗതാഗതം തടസപ്പെടുത്തി രാഷ്ടീയ പാര്‍ട്ടികളുടെ പരിപാടികളും സമരങ്ങളും സംഘടിപ്പിച്ചതിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുളളവര്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹാജരായിരുന്നു. മുന്‍ സ്പീക്കര്‍ എം.വിജയകുമാര്‍, എംഎല്‍എമാരായ കടകംപള്ളി സുരേന്ദ്രന്‍, വി.ജോയി, വി.കെ.പ്രശാന്ത്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ.വിനോദ് എംഎല്‍എ തുടങ്ങിയവരാണ് കഴിഞ്ഞ ദിവസം ഹാജരായത്. ഇനി ഹാജരാകുന്നതില്‍നിന്ന് ഇവരെയും ഒഴിവാക്കിയിരുന്നു.
വഞ്ചിയൂര്‍, ബാലരാമപുരം, സെക്രട്ടേറിയറ്റിനു മുന്‍വശം, കൊച്ചിന്‍ കോര്‍പറേഷന്‍ ഓഫിസ് തുടങ്ങിയ സ്ഥലങ്ങളില്‍ വഴിയടച്ചു സമരം ചെയ്തതിനാണു ഹൈക്കോടതി കോടതിയലക്ഷ്യ കേസ് സ്വീകരിച്ചതും കടുത്ത നടപടികളിലേക്കു കടന്നതും. സംഭവങ്ങളെക്കുറിച്ച വ്യക്തമാക്കി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും റിപ്പോര്‍ട്ടില്‍ ഇന്നും കോടതി അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തില്‍ അധിക സത്യവാങ്മൂലം നല്‍കാനും നിര്‍ദേശമുണ്ട്. റോഡ് അടച്ചുള്ള പരിപാടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചു എന്നും അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.
സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ തിരക്കിലായതിനാല്‍ ഒഴിവാക്കണമെന്ന് എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇന്നത്തേക്ക് മാറ്റിയത്. കേസില്‍ എതിര്‍കക്ഷികളായ പൊലീസ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ കോടതി സഞ്ചാര സ്വാതന്ത്യം തടയുന്ന സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സംസ്ഥാന പൊലീസ് മേഥാവിയോടും ആവശ്യപ്പെട്ടു. കോടതിലക്ഷ്യ നടപടികളില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന എം വി ഗോവിന്ദന്റെ ആവശ്യം കോടതി അംഗീകരിച്ചു.