പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത പൊളിട്ടിക്കല്‍ ക്രിമിനല്‍ ആര്? പ്രതികള്‍ക്ക് ഒത്താശ ചെയ്ത രാഷ്ട്രീയ കുറ്റവാളിയേയും തുറന്നു കാട്ടണം; എല്ലാം ജി. സുധാകരന്‍ വെളിപ്പെടുത്തണം; സജി ചെറിയാനെതിരെ കടന്നാക്രമണവുമായി സന്ദീപ് വാചസ്പതി; സിപിഎം വിഭാഗീയതയില്‍ 2013 ഒക്ടോബര്‍ 31നു സ്മാരകം ആക്രമിച്ചത് ആര്?

Update: 2026-03-15 09:28 GMT

ആലപ്പുഴ: സി.പി.എമ്മിലെ രാഷ്ട്രീയ ക്രിമിനലിസത്തെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തില്‍, പി. കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച സംഭവത്തില്‍ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. സ്മാരകം തകര്‍ത്തത് ആരാണെന്ന് തുറന്നുപറയാന്‍ മുന്‍ മന്ത്രി ജി. സുധാകരന്‍ തയ്യാറാകണമെന്ന് സന്ദീപ് വാചസ്പതി ആവശ്യപ്പെട്ടു. ആ പൊളിട്ടിക്കല്‍ ക്രിമിനലിനെ സുധാകരന്‍ തുറന്നു കാട്ടണമെന്നാണ് വാചസ്പതി പറയുന്നത്. ഇതോടെ ഈ തിരഞ്ഞെടുപ്പില്‍ പി കൃഷ്ണപിള്ള സ്മാരകം തകര്‍ക്കലും ചര്‍ച്ചയാക്കുകയാണ് ബിജെപി.

പി. കൃഷ്ണപിള്ള സ്മാരകം ആക്രമിക്കപ്പെടുമ്പോള്‍ നിലവിലെ മന്ത്രി സജി ചെറിയാനായിരുന്നു ഏരിയ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നതെന്ന് സന്ദീപ് ചൂണ്ടിക്കാട്ടി. അന്ന് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന ചന്ദ്രബാബുവിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ഏരിയയുടെ ചുമതലയുണ്ടായിരുന്ന സജി ചെറിയാനെ മാത്രം ചോദ്യം ചെയ്തില്ല. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ഈ വീഴ്ചയുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. സുധാകരന് രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ സത്യം പറയണമെന്നാണ് ആവശ്യം.

സ്മാരകം തകര്‍ത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അന്ന് വി.എസ്. അച്യുതാനന്ദന്‍ തന്നെ പരസ്യമായി പറഞ്ഞിരുന്നു. രാഷ്ട്രീയ ക്രിമിനലുകള്‍ക്കെതിരെയാണ് സി.പി.എം പോരാട്ടം നടത്തുന്നതെങ്കില്‍, സ്വന്തം പാര്‍ട്ടിയിലെ സമുന്നതനായ നേതാവിന്റെ സ്മാരകം തകര്‍ത്ത ക്രിമിനലുകള്‍ ആരാണെന്ന് വ്യക്തമാക്കാനുള്ള ആര്‍ജ്ജവം ഇനിയെങ്കിലും സുധാകരന്‍ കാട്ടണം. ജി. സുധാകരന് ഈ സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെക്കുറിച്ച് ബോധ്യമുണ്ടാകുമെന്നും, അത് പുറത്തുപറയുകയാണ് ക്രിമിനലിസത്തിനെതിരായ പോരാട്ടത്തില്‍ അദ്ദേഹം ചെയ്യേണ്ട ആദ്യ നീക്കമെന്നും സന്ദീപ് വാചസ്പതി കൂട്ടിച്ചേര്‍ത്തു.

പി കൃഷ്ണപിള്ള സ്മാരം തകര്‍ക്കുമ്പോള്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു സജി ചെറിയാന്‍. അന്ന് ജി സുധാകരനായിരുന്നു ആലപ്പുഴയിലെ സിപിഎമ്മിലെ അവസാന വാക്ക്. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു സജി ചെറിയാനായിരുന്നു ആ മേഖലയിലെ ഏര്യാ സെക്രട്ടറിയായിരുന്നു. ഈ സാഹചര്യമാണ് സജി ചെറിയാന്‍ ചര്‍ച്ചയാക്കുന്നത്. ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സന്ദീപ് എത്തുമെന്നാണ് സൂചന. സജി ചെറിയാനാണ് സിപിഎം സ്ഥാനാര്‍ത്ഥി. ഈ സാഹചര്യത്തിലാണ് പി കൃഷ്ണപിള്ള സ്മാരകം തകര്‍ക്കല്‍ ചര്‍ച്ചയാക്കി സന്ദീപ് വാചസ്പതി എത്തുന്നത്.

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത പൊളിട്ടിക്കല്‍ ക്രിമിനല്‍ ആരാണ്? പ്രതികളെ സംരക്ഷിച്ചതും അവര്‍ക്ക് ഒത്താശ ചെയ്തതും ഏത് പൊളിട്ടിക്കല്‍ ക്രിമിനലാണ്? അതു പോലെ എന്തുകൊണ്ട് ഈ സംഭവത്തില്‍ സജി ചെറിയാനെ ചോദ്യം ചെയ്തില്ലെന്നതും സുധാകരന്‍ വ്യക്തമാക്കണമെന്നാണ് വാചസ്പതിയുടെ ആവശ്യം. ഇതിനോട് സുധാകരന്‍ പ്രതികരിക്കുമോ എന്നതാണ് നിര്‍ണ്ണായകം. പി.കൃഷ്ണപിള്ള സ്മാരകത്തിനു കേടുവരുത്തിയ കേസില്‍ 5 പ്രതികളെയും വിട്ടയച്ച കോടതി വിധി ഏറെ ചര്‍ച്ചയായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതികളെ വിട്ടയച്ച ജില്ലാ സെഷന്‍സ് കോടതി വിധിക്കെതിരെ പാര്‍ട്ടി ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ ഒരു നിയമ നടപടിയും സ്വീകരിച്ചിരുന്നില്ല. അപ്പീല്‍ നല്‍കാന്‍ പാര്‍ട്ടി ആലോചിക്കുന്നില്ലെന്നാണ് വിധി വന്ന ദിവസം നേതാക്കള്‍ പറഞ്ഞത്.

വിധി വന്നത് 2020 ജൂലൈയിലാണ്. വി.എസ്.അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പഴ്‌സനല്‍ സ്റ്റാഫിലുണ്ടായിരുന്ന ഡിവൈഎഫ്‌ഐ കഞ്ഞിക്കുഴി ഏരിയ മുന്‍ ജോയിന്റ് സെക്രട്ടറി ലതീഷ് ബി.ചന്ദ്രന്‍, കണ്ണര്‍കാട് ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി.സാബു, സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പി.ദീപു, സി.എം.രാജേഷ്, പി.പ്രമോദ് എന്നിവരെയാണു കോടതി വിട്ടയച്ചത്. സിപിഎമ്മിലെ വിഭാഗീയതയുടെ പേരില്‍ 2013 ഒക്ടോബര്‍ 31നു സ്മാരകം ആക്രമിച്ചെന്നാണു കേസ്. വീടിനു തീവയ്ക്കുകയും കൃഷ്ണപിള്ളയുടെ ശില്‍പം തകര്‍ക്കുകയും ചെയ്തു.

Similar News