സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായം വ്യക്തിപരം, ശിവഗിരി മഠത്തിന്റെ അഭിപ്രായമല്ല; എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അംഗീകരിക്കുന്ന പാരമ്പര്യമാണ് എസ് എന്‍ ട്രസ്റ്റിനുള്ളത്; സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് അതത് രാഷ്ട്രീയ കക്ഷികള്‍; സച്ചിദാനന്ദയെ തള്ളി സ്വാമി ശുഭാംഗാനന്ദ
സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായം വ്യക്തിപരം,
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് 18 പേരെ നിര്‍ദേശിച്ചുവെന്ന ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ പരാമര്‍ശത്തെ തള്ളി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായം വ്യക്തിപരമാണെന്നം ശിവഗിരി മഠത്തിന്റെ അഭിപ്രായമല്ലെന്നുമാണ് ശുഭാംഗാനന്ദ വ്യക്തമാക്കിയത്.
ശിവഗിരി മഠത്തിന്റെ പൊതുവായ അഭിപ്രായം ട്രസ്റ്റ് ചേര്‍ന്നാണ് തീരുമാനിക്കുകയെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും അംഗീകരിക്കുന്ന പാരമ്പര്യമാണ് എസ് എന്‍ ട്രസ്റ്റിനുള്ളത്. ഇരു മുന്നണികളോടും അതൃപ്തി ഇല്ല. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് എസ് എന്‍ ട്രസ്റ്റ് അല്ലെന്നും ശുഭാംഗാനന്ദ വ്യക്തമാക്കി.
'കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന ആത്മീയ കേന്ദ്രമാണ് ശിവഗിരിമഠം. അതിന്റെ അടിസ്ഥാനത്തില്‍ ശിവഗിരിമഠം രാഷ്ട്രീമായ കാര്യങ്ങളില്‍ ഇടപെടാറില്ല. മഠാധിപതി അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകും പറഞ്ഞത്. ശിവഗിരിമഠത്തിന്റെ നയപരമായ കാര്യങ്ങളില്‍ നിലപാട് വ്യക്തമാക്കുന്നത് ഡയറക്ടര്‍ ബോര്‍ഡാണ്.
ഇക്കാര്യങ്ങളൊന്നും ഡയറക്ടര്‍ ബോര്‍ഡില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. ആവശ്യമെങ്കില്‍ ചര്‍ച്ച ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി മാധ്യമങ്ങളെ അറിയിക്കും. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് ശിവഗിരിമഠം അല്ലല്ലോ. മഠത്തിന് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കേണ്ട ആവശ്യമെന്താണ്. ഒരിക്കലും ശിവഗിരിമഠം വാദത്തിന്റെയും വിവാദത്തിന്റെയും ഭാഗമായി നില്‍ക്കാന്‍ പാടില്ല.' എന്നായിരുന്നു ശുഭാംഗാനന്ദയുടെ പ്രതികരണം.
അതേസമയം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈക്കോടതി വിധിയിലും എസ് എന്‍ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി പ്രതികരിച്ചു. അത് നിയമപരമായി നടക്കട്ടെ എന്നായിരുന്നു മറുപടി. നേരത്തെ പിന്നാക്ക വിഭാഗത്തിലെ പ്രമുഖരായ കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്നും കൊടിക്കുന്നില്‍ സുരേഷിനെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കണമെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് 18 പേരെ മഠം നിര്‍ദേശിച്ചിട്ടുണ്ട്. അവരെ പരിഗണിച്ചാല്‍ കൊള്ളാം. അവര്‍ ഇവിടെ വന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നും നിര്‍ദേശം അവര്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കിയിരുന്നു.
കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, അടൂര്‍ പ്രകാശ് എന്നിവര്‍ പിന്നാക്കവിഭാഗത്തില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കേണ്ടത് രാജ്യത്തിന് ഇന്ന് ആവശ്യമാണ് എന്നും സ്വാമി സച്ചിതാനന്ദ പറഞ്ഞു. ദേശീയ നേതൃത്വത്തില്‍ ദളിത് പ്രസിഡന്റുമാര്‍ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ അത് സംഭവിച്ചിട്ടില്ല. കൊടിക്കുന്നില്‍ സുരേഷിനെപ്പോലെയുള്ളവരെ പരിഗണിക്കണം എന്നും സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേര്‍ത്തു. പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസവും സ്വാമി സച്ചിദാനന്ദ എല്‍ഡിഎഫിനെതിരെയും കോണ്‍ഗ്രസിനെതിരെയും രംഗത്തുവന്നിരുന്നു. വര്‍ഷങ്ങളായി പിന്നാക്ക വിഭാഗങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
