സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം; പ്രതിനിധിസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ പതാക ഉയര്‍ത്തിയത് എ.കെ ബാലന്‍; രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി നേതാക്കള്‍; കൊല്ലത്ത് ചെങ്കെടിയേറ്റം
കൊല്ലം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് തുടക്കം. പ്രതിനിധിസമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലന്‍ പതാക ഉയര്‍ത്തി. രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം സി.പി.എം. കോഡിനേറ്റര്‍ പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും. റിപ്പോര്‍ട്ട് അവതിപ്പിക്കുന്നത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ്. റിപ്പോര്‍ട്ട് അതരണത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള നയരേഖ അവതരിപ്പിക്കും. റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ ഏഴിനും എട്ടിനും തുടരും.
ഉദ്ഘാടനച്ചടങ്ങിനുശേഷം പ്രവര്‍ത്തനറിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയാണ് പൊതുവേ ഉണ്ടാകാറുള്ളത്. എന്നാല്‍ വ്യാഴാഴ്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണത്തിനുശേഷം, മുഖ്യമന്ത്രി 'നവകേരളത്തിന് പുതുവഴികള്‍' എന്ന രേഖ അവതരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എറണാകുളം സമ്മേളനത്തില്‍ 'നവകേരളത്തിനുള്ള പാര്‍ട്ടി കാഴ്ചപ്പാട്' എന്ന രേഖ അവതരിപ്പിച്ചിരുന്നു. ഇത് പിന്നീട് എല്‍.ഡി.എഫ്. അംഗീകരിച്ച സര്‍ക്കാരിനുള്ള നയരേഖയാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ സര്‍വകലാശാലയടക്കം അനുവദിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ സമ്മേളനം അംഗീകരിച്ച രേഖയുടെ വിലയിരുത്തലും അതില്‍ എത്രത്തോളം മുന്നോട്ടുപോകാനായി എന്ന പരിശോധനയും പുതിയ നയരേഖയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി സ്വീകരിക്കേണ്ട പുതുവഴികളാണ് മുഖ്യമന്ത്രി സമ്മേളനത്തില്‍ നിര്‍ദേശമായി അവതരിപ്പിക്കുക. ബുധനാഴ്ച പതാക, ദീപശിഖ, കൊടിമര ജാഥകള്‍ ബുധനാഴ്ച വൈകീട്ട് പൊതുസമ്മേളന നഗരിയില്‍ എത്തിച്ചേര്‍ന്നിരുന്നു. കയ്യൂരില്‍നിന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.സ്വരാജിന്റെ നേതൃത്വത്തില്‍ എത്തിച്ച പതാക പി.കെ. ശ്രീമതി ഏറ്റുവാങ്ങി.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. പി.കെ.ബിജുവിന്റെ നേതൃത്വത്തില്‍ വയലാറില്‍നിന്ന് പ്രയാണമായി എത്തിയ ദീപശിഖ എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ ഏറ്റുവാങ്ങി. ശൂരനാട്ടുനിന്ന് ആരംഭിച്ച കൊടിമരജാഥയ്ക്ക കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതയാണ് നേതൃത്വം നല്‍കിയത്. ജില്ലയിലെ 23 രക്തസാക്ഷിമണ്ഡപങ്ങളില്‍നിന്നുള്ള ദീപശിഖാപ്രയാണങ്ങളും സമ്മേളനനഗരിയില്‍ സംഗമിച്ചു.