പെരുനാട് കക്കാട്ടുകോയിക്കലില്‍ തിരുവാഭരണ ദര്‍ശനത്തിനെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
തിരുവാഭരണ ദര്‍ശനത്തിനെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം
റാന്നി: ക്ഷേത്രദര്‍ശനത്തിനെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റാര്‍ കാരികയം പള്ളിപ്പറമ്പില്‍ വീട്ടില്‍ സതീഷ് (38) ആണ് പിടിയിലായത്. പെരുനാട് കക്കാട്ടുകോയിക്കല്‍ ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിനുള്ളില്‍ തിരുവാഭരണ ചാര്‍ത്ത് മഹോത്സവത്തിനിടെ, ബന്ധുവിനൊപ്പം ദര്‍ശനത്തിന് ക്യൂ നിന്ന യുവതിയെ ഇയാള്‍ കടന്നു പിടിക്കുകയായിരുന്നു. കൈ തട്ടി മാറ്റിയപ്പോള്‍ പിന്നെയും പ്രതി ലൈംഗിക അതിക്രമം നടത്തി.
ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് മൊഴി രേഖപ്പെടുത്തി കേസെടുത്തു. എസ്.ഐ എ.ആര്‍. രവീന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശത്തേതുടര്‍ന്ന് ഊര്‍ജിതമാക്കിയ അന്വേഷണത്തില്‍ പ്രതിയെ ഉടനടി കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പെരുനാട് പോലീസ് ഇന്‍സ്പെക്ടര്‍ ജി. വിഷ്ണുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.