ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമം; എയര്‍ഫോഴ്സ് ജീവനക്കാരനടക്കം രണ്ടു പേര്‍ വനംവകുപ്പിന്റെ പിടിയില്‍; ഇടപാട് നടത്താനെത്തിയത് ആലപ്പുഴ മുല്ലയ്ക്കലിലെ റാവിസ് ഹോട്ടലില്‍

ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-03-14 15:44 GMT

ആലപ്പുഴ: ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ എയര്‍ഫോഴ്സ് ജീവനക്കാരനടക്കം രണ്ടു പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എയര്‍ഫോഴ്സ് സതേണ്‍ എയര്‍ കമാന്‍ഡ് ജീവനക്കാരന്‍ ആലപ്പുഴ നീര്‍ക്കുന്നം വണ്ടാനം പൊക്കത്തില്‍ വീട് അഭിലാഷ് കൃഷ്ണന്‍ (34), ആറാട്ടുപുഴ വലിയഴിക്കല്‍ കുരിപ്പശ്ശേരി വമ്പിശ്ശേരില്‍ ഹരികൃഷ്ണന്‍ (32) എന്നിവരെയാണ് റാന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ആര്‍.ജയന്റെ നിര്‍ദ്ദേശ പ്രകാരം കരിക്കുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ റോബിന്‍ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘവും റാന്നി ഫ്ളൈയിങ് സ്‌ക്വാഡും ചേര്‍ന്ന പിടികൂടിയത്.

പ്രതികള്‍ ഇരുതലമൂരിയെ വില്‍ക്കാന്‍ മുല്ലക്കല്‍ റാവിസ് ഹൈസ് ഹോട്ടലില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുതലമൂരിയെ ഇവരില്‍ നിന്നും കണ്ടെടുത്തു. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂള്‍ ഒന്ന് പാര്‍ട്ട് സി ക്രമനമ്പര്‍ 1 ല്‍ ഉള്‍പ്പെടുത്തി സംരക്ഷിച്ചുവരുന്ന ഉരഗവര്‍ഗ്ഗത്തില്‍ പെടുന്ന പാമ്പിനെ കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവും ആണ്.

വന്യജീവി കള്ളക്കടത്ത് ശൃംഖലയുമായി ബന്ധമുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്നും ഇവരുമായി തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ റേഞ്ച് ഓഫീസര്‍ ബി. ആര്‍ ജയന്‍ പറഞ്ഞു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എഫ്. യേശുദാസ്, ഷിനില്‍. എസ്, പി. സെന്‍ജിത്ത്, ബി.എഫ്.ഓ.മാരായ അനൂപ് കെ. അപ്പുക്കുട്ടന്‍, അമ്മു ഉദയന്‍ , അജ്മല്‍ എസ്. എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. അറസ്റ്റ് ചെയ്ത പ്രതികളെ റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News