പിതാവിനെ വീടു കയറി മര്‍ദിച്ച അയല്‍വാസിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തി വെട്ടിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

പിതാവിനെ മര്‍ദിച്ച അയല്‍വാസിയെ ബൈക്കില്‍ പിന്തുടര്‍ന്നെത്തി വെട്ടിക്കൊന്നു

Update: 2025-03-18 15:51 GMT

പത്തനംതിട്ട: അയല്‍വാസിയെ വെട്ടിക്കൊന്ന യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന്. റാന്നി നെല്ലിക്കാമണ്‍ പാറക്കല്‍ തെക്കേ കാലായില്‍ ഷിബി സി. മാത്യു (40) വിനെയാണ് ജഡ്ജി ജി.പി ജയകൃഷ്ണന്‍ ശിക്ഷിച്ച് വിധി പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. നെല്ലിക്കാമണ്‍ വെട്ടിമല കണമൂട്ടില്‍ കെ പി മാത്യു (49) വാണ് വെട്ടേറ്റു മരിച്ചത്. റാന്നി പോലീസ് 2019 ഓഗസ്റ്റ് ഒന്നിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി.

പിഴത്തുക മാത്യുവിന്റെ ഭാര്യ ഷൈനിക്ക് നല്‍കണം. പിഴ അടയ്ക്കാത്തപക്ഷം റവന്യു റിക്കവറിയിലൂടെ ഇടാക്കാണം. രണ്ട് വര്‍ഷം അധിക തടവു കൂടി അനുഭവിക്കുകയും വേണം. 2019 ജൂലൈ 31 ന് രാത്രി 10.30 നാണ് വീടിനു സമീപത്ത് വച്ച്ാണ മാത്യുവിനെ ഷിബി വെട്ടിയത്. ഇടതുകഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു രക്തം വാര്‍ന്ന് പതിനൊന്നോടെ റാന്നി താലൂക്ക് ആശുപത്രിയില്‍ വച്ച് മാത്യു മരിച്ചു. സംഭവത്തിന് ശേഷം ഷിബി ഒളിവില്‍ പോയി. സംശയം തോന്നിയ പോലീസ് ഇയാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. അന്നത്തെ പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

സംഭവദിവസം രാത്രി എട്ടുമണിയോടെ മാത്യു പ്രതി ഷിബിയുടെ അച്ഛന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കുകയും മര്‍ദ്ദിച്ച് തള്ളി താഴെയിടുകയും ചെയ്തിരുന്നു. വിവരം അയല്‍വാസി ഷിബിയെ ഫോണില്‍ വിളിച്ചറിയിച്ചു. വീട്ടിലായിരുന്ന ഷിബി അടുക്കളയില്‍ നിന്നും വെട്ടുകത്തിയുമെടുത്ത് ബൈക്കില്‍ മാത്യുവിനെ തേടി പുറപ്പെട്ടു. ഊട്ടുപാറയില്‍ നിന്നും വെട്ടിമലപ്പടിയിലേക്കുള്ള പഞ്ചായത്ത് റോഡിലൂടെ നടന്നു പോയ മാത്യുവിനെ കണ്ട് അച്ഛനെ ഉപദ്രവിച്ചത് എന്തിനായിരുന്നെന്ന് ചോദ്യം ചെയ്തു. തുടര്‍ന്ന് ഇടതുകഴുത്തില്‍ വെട്ടുകയായിരുന്നു. വെട്ടുകത്തി ബൈക്കില്‍ വച്ച് ഷിബി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഹരിശങ്കര്‍ പ്രസാദ് ഹാജരായി.


Tags:    

Similar News