പൊതുസ്ഥലത്തെ മദ്യപാനം പൊലീസില്‍ അറിയിച്ചതിന്റെ പ്രതികാരം; വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ അടക്കം മര്‍ദിച്ചു; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ അടക്കം മര്‍ദിച്ചു

Update: 2025-05-10 15:03 GMT

മല്ലപ്പള്ളി: പൊതുസ്ഥലത്തിരുന്ന് മദ്യപിക്കുന്ന വിവരം പോലീസില്‍ അറിയിച്ചതിന്റെ പേരില്‍ വീട്ടില്‍ അതിക്രമിച്ചു കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ മര്‍ദ്ദിച്ച രണ്ട് യുവാക്കളെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.

വായ്പ്പൂര് കുളത്തൂര്‍ നടുഭാഗം ഒരയ്ക്കല്‍പാറ ഓ.എം.അനൂപ് (39), വായ്പൂര് കുളത്തൂര്‍ കിടാരക്കുഴിയില്‍ വീട്ടില്‍ കെ.ജി.സൈജു (43) എന്നിവരാണ് പിടിയിലായത്. പ്രതികള്‍ പൊതുസ്ഥലത്ത് മദ്യപിക്കുന്ന വിവരം പോലീസില്‍ അറിയിച്ചത് കുളത്തൂര്‍ പുത്തൂര്‍ വീട്ടില്‍ വത്സല രാധാകൃഷ്ണ(68)ന്റെ മരുമകന്‍ പ്രദീപ് ആണെന്ന് സംശയിച്ച്ായിരുന്നു വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആക്രമിച്ചത്.

പ്രദീപിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വന്ന പ്രതികള്‍ ബഹളം കേട്ട് ഇറങ്ങിവന്ന വത്സലയുടെ മകള്‍ രവിതയെ ഹെല്‍മെറ്റ് കൊണ്ട് തലയ്ക്കടിച്ചു. മര്‍ദ്ദിക്കുകയും തള്ളി താഴെയിടുകയും ചെയ്തു. തടയാന്‍ ഓടിയെത്തിയ പ്രദീപിന് നേരെ അനൂപ് കത്തി കൊണ്ട് വീശി. തടസം പിടിച്ച വത്സലയുടെ തലയ്ക്ക് പ്രതികള്‍ അടിച്ചു. ആക്രമണത്തില്‍ വത്സലയ്ക്കും മകള്‍ക്കും പരുക്ക് പറ്റി. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോള്‍ അനൂപും സൈജുവും ഓടിപ്പോയി. വൃക്കസംബന്ധമായ രോഗത്തിന് ചികിത്സയില്‍ കഴിഞ്ഞു വരുന്ന രവിതയ്ക്ക് പ്രതികളുടെ ആക്രമണത്തില്‍ ശാരീരിക അസ്വസ്ഥതയുണ്ടാവുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് പ്രതികളെ വീടിനു സമീപത്ത് നിന്ന് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പരുക്കേറ്റ മൂവരും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. രവിതയെ സ്ഥിരം ചികിത്സിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ ഇവരുടെ വീടിന്റെ അടുത്ത് പൂത്തൂര്‍പ്പടി എന്ന സ്ഥലത്ത് ഇരുന്ന് മദ്യപിക്കുന്ന വിവരം പ്രദീപ് പെരുമ്പെട്ടി പോലീസില്‍ അറിയിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. പോലീസ് ഇന്‍സ്പെക്ടര്‍ സ്ഥലത്തെത്തി അനൂപിനെ കസ്റ്റഡിയിലെടുത്തു സ്റ്റേഷനില്‍ കൊണ്ടുവരികയും പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് കേസെടുത്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് സൈജുവുമായി ചേര്‍ന്ന് പ്രദീപിനെ ആക്രമിക്കാനെത്തിയത്.

Tags:    

Similar News