ആക്രമണ കേസില്‍ സാക്ഷി പറഞ്ഞതിന്റെ മുന്‍ വിരോധം; സഹോദരങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍
സഹോദരങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചയാള്‍ പിടിയില്‍
പത്തനംതിട്ട: മുന്‍വിരോധം കാരണം സഹോദരങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചയാളെ മലയാലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. ചീങ്കല്‍ത്തടം കോഴിക്കുന്നം വാഴൂരേത്ത് വീട്ടില്‍ ചിന്നന്‍ എന്ന സിജു (48) ആണ് പിടിയിലായത്. കോഴികുന്നം കാലായില്‍ വീട്ടില്‍ ജോമോന്‍(53), സഹോദരന്‍ ജോളിമോന്‍ (58) എന്നിവക്കാണ് വെട്ടേറ്റത്.
ഞായറാഴ്ച വൈകിട്ട് ആറരയോടെ അയല്‍വാസിയായ സിജു ജോളിമോന്റെ വീടിന് മുന്‍വശം വച്ച് അസഭ്യം വിളിച്ചശേഷം കൈയില്‍ കരുതിയ വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു. വലതുകൈത്തണ്ടയിലാണ് വെട്ടു കൊണ്ടത്. തടസം പിടിച്ച ജോമോന്റെ പുറത്ത് ഇടതു വാരിയെല്ലിനോട് ചേര്‍ന്നും ഇടതുകൈ മുട്ടിന് താഴെയും വെട്ടേറ്റു. കോഴിക്കുന്നം ചെറാടി പബ്ലിക് റോഡില്‍ ജോളിയുടെ വീടിനു മുന്നില്‍ വച്ചായിരുന്നു സംഭവം. സിജുവിനെതിരെ മുമ്പൊരു കേസില്‍ കോടതിയില്‍ സാക്ഷി പറഞ്ഞതിലുള്ള വിരോധം കാരണമാണ് ജോളിമോനെ ആക്രമിച്ചത്.
2021 സെപ്റ്റംബര്‍ 22 ന് കാര്‍ത്തിക വിലാസത്തില്‍ തുഷാരയുടെ പുരയിടത്തിലെ പാഴ്തടികള്‍ മുറിച്ച് മാറ്റാനെത്തിയവരെ സിജു അസഭ്യം വിളിച്ചത് ചോദ്യം ചെയ്തപ്പോള്‍ തുഷാരയെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. ഈ കേസില്‍ രണ്ടര വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചിരുന്നു. അന്ന് ഇയാള്‍ക്കെതിരെ സാക്ഷിയായി ജോളിമോന്‍ മൊഴി നല്‍കിയിരുന്നു.
ശിക്ഷ കഴിഞ്ഞ് ഒരുവര്‍ഷം മുമ്പ് പുറത്തിറങ്ങിയ സിജു, പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതി ഇതുകൂടാതെ മലയാലപ്പുഴ സ്റ്റേഷനില്‍ 2018 ല്‍ രജിസ്റ്റര്‍ ചെയ്ത അബ്കാരി കേസിലും 2021 ല്‍ എടുത്ത മനപൂര്‍വമല്ലാത്ത നരഹത്യാശ്രമകേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്.ഐ വി.എസ്. കിരണിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഓ മാരായ സുധീഷ് കുമാര്‍, അജിത് പ്രസാദ്, സി.പി.ഓമാരായ പ്രിയേഷ് ജ്യോതിഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ്.വിജയന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.