ഉപയോഗിക്കാന്‍ കൊടുത്ത ബുള്ളറ്റ് തിരികെ വാങ്ങി; വിരോധം മൂത്തപ്പോള്‍ പതിയിരുന്ന് യുവാവിനെ ആക്രമിച്ചു; നാലു പേര്‍ ഒരു മാസത്തിന് ശേഷം അറസ്റ്റില്‍; മറ്റു പ്രതികള്‍ക്കായി തെരച്ചില്‍

Update: 2025-08-02 15:38 GMT

പത്തനംതിട്ട: ഉപയോഗിക്കാന്‍ കൊടുത്ത ബൈക്ക് തിരികെ വാങ്ങിയതിന്റെ വൈരാഗ്യത്തില്‍ യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച മൃതപ്രായനാക്കിയ കേസില്‍ നാലു പേരെ ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. മെഴുവേലി മുളന്തടത്തില്‍ വീട്ടില്‍ എം.എം.മനുവിനാണ് മര്‍ദ്ദനമേറ്റത്. കാരിത്തോട്ട രാത്രക്കോട്ട് വീട്ടില്‍ പി. സനല്‍ കുമാര്‍(38), സഹോദരന്‍ പി. സജിത് കുമാര്‍ (34), റാന്നി പഴവങ്ങാടി പതാലില്‍ 52 കോളനിയില്‍ വിഎസ് ശരത് (25), ചെങ്ങന്നൂര്‍ ആല തോട്ടങ്കര പ്രൊവിഡന്‍സ് കോളജിന് സമീപം കിഴക്കേ പുതുക്കേരില്‍ വീട്ടില്‍ പി എസ് സുനില്‍കുമാര്‍ (38) എന്നിവരാണ് അറസ്റ്റിലായത്.

സനല്‍കുമാറിന്റെ ഉപയോഗത്തിലിരുന്ന മനുവിന്റെ ബുള്ളറ്റ് മോട്ടോര്‍ സൈക്കിള്‍ ഇയാള്‍ തിരികെ എടുത്തുകൊണ്ടു പോയതിലുള്ള വിരോധം കാരണമാണ് പ്രതികള്‍ ജൂണ്‍ 30ന് രാത്രി 10 30 ന് മലങ്കാവ് പള്ളിക്ക് സമീപം കനാല്‍ റോഡില്‍ വച്ച് ബൈക്കില്‍ വന്നപ്പോള്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. അസഭ്യം വിളിച്ചുകൊണ്ട് കയ്യില്‍ കരുതിയ കമ്പുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ മനുവിനെ ആക്രമിച്ചത്. താഴെ വീണ ഇയാളുടെ ഇടതുകാലില്‍ അടികൊണ്ട് അസ്ഥിക്ക് പൊട്ടലുണ്ടായി. മര്‍ദ്ദനത്തില്‍ ശരീരമാസകലം ചതവും മുറിവും സംഭവിച്ചു. കൂടാതെ ഒന്നേമുക്കാല്‍ പവന്‍ വരുന്ന മാലയും, മൊബൈല്‍ ഫോണും, 4800 രൂപയും നഷ്ടപ്പെട്ടെന്നും മൊഴിയിലുണ്ട്.

പരുക്കേറ്റ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവന്ന യുവാവിന്റെ മൊഴി എസ് സി പി ഒ ആര്‍ ബിനു ജൂലൈ രണ്ടിന് രേഖപ്പെടുത്തി. ഗ്രേഡ് എസ് ഐ സി ഉണ്ണികൃഷ്ണന്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. കേസെടുത്തതറിഞ്ഞ പ്രതികള്‍ ഒളിവില്‍ പോയി. ഇവരുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളില്‍ അന്വേഷണം വ്യാപിപ്പിച്ചു, ഫോണ്‍ വിളികള്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിച്ചു. ഊര്‍ജിതമായ തെരച്ചിലില്‍ ഒന്നുമുതല്‍ മൂന്നു വരെ പ്രതികള്‍ ഏലപ്പാറയില്‍ ഉള്ളതായും, നാലാംപ്രതി ഇടപ്പോണില്‍ ഒളിവില്‍ കഴിഞ്ഞു വരുന്നതായും വ്യക്തമായി. തുടര്‍ന്ന് പോലീസ് സംഘം എത്തി ഇന്നലെ പ്രതികളെ പിടികൂടി, വൈദ്യപരിശോധനക്കുശേഷം സ്റ്റേഷനില്‍ എത്തിച്ചു.

സാക്ഷികളെ കാണിച്ച് തിരിച്ചറിയുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്ത ശേഷം ഇന്ന് രാവിലെ 11 കഴിഞ്ഞു അറസ്റ്റ് രേഖപ്പെടുത്തി. ആക്രമിക്കാന്‍ ഉപയോഗിച്ച കമ്പുകള്‍ കനാല്‍ ഭാഗത്തേക്ക് എറിഞ്ഞു കളഞ്ഞതായി വെളിപ്പെടുത്തിയതുപ്രകാരം സനല്‍ കുമാറുമൊത്ത് അവിടെയെത്തി രണ്ട് കമ്പുകള്‍ പോലീസ് കണ്ടെത്തി. മറ്റു പ്രതികള്‍ക്കുള്ള അന്വേഷണം തുടരുകയാണ്.

Tags:    

Similar News