പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ വെയിറ്റിങ് ഷെഡില്‍ സ്ത്രീകള്‍ക്ക് നേരെ അശ്ലീല ചേഷ്ടകളും അസഭ്യ വര്‍ഷവും; പോലീസ് പൊക്കിയപ്പോള്‍ വയനാട് വെള്ളമുണ്ട സ്റ്റേഷനിലെ എല്‍ പി കേസില്‍ 12 വര്‍ഷമായി മുങ്ങി നടന്ന ബീഹാര്‍ സ്വദേശി അറസ്റ്റില്‍

എല്‍ പി കേസില്‍ 12 വര്‍ഷമായി മുങ്ങി നടന്ന ബീഹാര്‍ സ്വദേശി അറസ്റ്റില്‍

Update: 2025-08-02 16:33 GMT

പത്തനംതിട്ട: വയനാട് വെള്ളമുണ്ട സ്റ്റേഷനിലെ എല്‍ പി കേസ് പ്രതിയായ ബീഹാര്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ സ്ത്രീകളുടെ അഭിമാനത്തെ ഹനിക്കും വിധം അശ്ലീല ചേഷ്ടകള്‍ കാണിച്ച് ശല്യം ചെയ്യുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അവിടെയെത്തി പിടികൂടിയയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ക്ക് എല്‍പി വാറന്റ് നിലവിലുണ്ടെന്ന് ബോധ്യപ്പെട്ടത്. ബിഹാര്‍ സിംബോണ്‍ ജില്ലയില്‍ രോഗ്നാദ് പൂര്‍ പോസ്റ്റ് ഓഫീസ് പരിധിയില്‍ ബുദായി സര്‍ദാര്‍ മകന്‍ വിജേന്ദ്രകുമാര്‍ (30) ആണ് സ്ത്രീകളെ ശല്യം ചെയ്തതിന് ഇന്നലെരാത്രി 7.10 ന് അറസ്റ്റിലായത്. പത്തനംതിട്ട എസ് ഐ കെ ആര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ എസ് ഐയും സംഘവും, ബസ്റ്റാന്‍ഡില്‍ വെയ്റ്റിംഗ് ഷെഡ് ഏരിയയില്‍ ആരോടെന്നില്ലാതെ അസഭ്യം വിളിച്ചും, സ്ത്രീകളെ അശ്ലീലചേഷ്ടകളും മറ്റും കാണിച്ചും, അവരുടെ അന്തസ്സിനെ ഹനിക്കും വിധവും ശല്യം ചെയ്യുന്ന ഇയാളെ കണ്ടെത്തുകയായിരുന്നു. പിടികൂടി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു. സ്റ്റേഷനിലെത്തിച്ച് കേസെടുത്ത ശേഷം, വിശദമായി ചോദ്യം ചെയ്തതിലും മറ്റു അന്വേഷണം നടത്തിയതിലും യുവാവ് വയനാട് വെള്ളമുണ്ട സ്റ്റേഷനില്‍ 2013 ല്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച കേസില്‍ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു.

വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ വിളിച്ച് അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്‍, ഈ കേസില്‍ ഇയാള്‍ 11ആം പ്രതിയാണെന്നും, മാനന്തവാടി ജെ എഫ് എം കോടതിയില്‍ ഇയാള്‍ക്കെതിരെ എല്‍ പി വാറന്റ് നിലവിലുണ്ടെന്നും വ്യക്തമായി. കേസില്‍ കോടതിയില്‍ ഹാജരാവാതെ ഒളിവില്‍ കഴിഞ്ഞ് വരികയാണെന്നും മനസ്സിലായി. വെള്ളമുണ്ട പോലീസ് പ്രതിയെ ഏറ്റുവാങ്ങും.

Tags:    

Similar News