വീട്ടിലേക്ക് മടങ്ങുമ്പോള്‍ കണ്ട റിങ് സൈറ്റില്‍ നിന്ന് മോഷ്ടിക്കാന്‍ മോഹം; പമ്പു സെറ്റും വയറുമെടുത്ത് കൂളായി കൊണ്ടു വിറ്റു; സിസിടിവി ചതിച്ചപ്പോള്‍ പോലീസിന്റെ പിടിയിലും

സിസി ടിവി ചതിച്ചപ്പോള്‍ കള്ളന്‍ പൊലിസിന്റെ പിടിയില്‍

Update: 2025-08-07 16:56 GMT

പത്തനംതിട്ട: റിങ് സൈറ്റില്‍ നിന്ന് പമ്പും വയറും മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. കോന്നി പൂവന്‍പാറ പുതുവല്‍ പുത്തന്‍ വീട്ടില്‍ ഷംനാസ് സലിം (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 19 ന് ഉച്ചയ്ക്കാണ് വള്ളിക്കോട് ഞക്കുനിലം കൊച്ചാലുമ്മൂടിലുള്ള റിങ് സൈറ്റിലെ റൂമില്‍ സൂക്ഷിച്ച മോട്ടോര്‍ പമ്പും വയറും മോഷ്ടിച്ചത്. കൊച്ചാലുംമൂട് രാധി ഭവനില്‍ ജിഷ്ണു രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള താണ് റിങ് നിര്‍മാണ യൂണിറ്റ്.

കഴിഞ്ഞ അഞ്ചിനാണ് ജിഷ്ണു ഇതു സംബന്ധിച്ച് പോലീസില്‍ പരാതി കൊടുത്തത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും സമീപസ്ഥലങ്ങളിലെ ആക്രിക്കടകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തില്‍ പ്രതി ഷംനാസ് ആണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ പ്രതിയെ കൊടുമണ്ണില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. പത്തനംതിട്ടയില്‍ നിന്നും കോന്നിയിലെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ വരുമ്പോള്‍ ഉച്ചയ്ക്ക് 12 ഓടെ വള്ളിക്കോട് പാലത്തിന് അരികിലുള്ള റിങ് സൈറ്റിനുള്ളില്‍ കടന്ന് മോട്ടോര്‍ മോഷ്ടിച്ച് ഓമല്ലൂരില്‍ ഉള്ള ആക്രിക്കടയില്‍ 1200 രൂപക്ക് വിറ്റുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ കുളം ജങ്ഷനിലെ ആക്രിക്കടയില്‍ നിന്നും മോട്ടോര്‍ കണ്ടെടുത്തു.

ഇയാള്‍ സഞ്ചരിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. മോട്ടോറിന്റെ വയറും മറ്റും കണ്ടെടുക്കേണ്ടതുണ്ട്. 2022 ല്‍ കോവളം പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ട് പോക്സോ കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും. ഡിവൈ.എസ്.പി എസ്. ന്യൂമാന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പോലീസ് ഇന്‍സ്പെക്ടര്‍ കെ സുനുമോന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ ഷിജു പി. സാം, ജൂനിയര്‍ എസ്.ഐ പി.പി. ദീപക്, എസ്.സി.പി.ഓമാരായ ശ്രീകാന്ത്, എം. അല്‍സാം, വിജേഷ്, സി.പി.ഓമാരായ സുമന്‍, ബി. വിഷ്ണു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News