കൂടലില്‍ യുവാവ് കൊല്ലപ്പെട്ടത് ഒരുമിച്ചുള്ള മദ്യപാനസദസിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്; ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അറസ്റ്റ് ചെയ്ത് പോലീസ്
യുവാവ് കൊല്ലപ്പെട്ടത് ഒരുമിച്ചുള്ള മദ്യപാനസദസിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്
കോന്നി: കൂടലില്‍ യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കൂടല്‍ പുന്നമൂട് പയറ്റുകാലായില്‍ രാജനാണ് (40) മരിച്ചത്. തിങ്കളാഴ്ച രാവിലെ ബന്ധു കാപ്പിയുമായി എത്തിയപ്പോള്‍ രാജനെ താത്കാലിക ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിക്കുകയും വൈകിട്ട് അഞ്ചോടെ കലഞ്ഞൂരില്‍ നിന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു.
രാജന്റെ സുഹൃത്തും അയല്‍വാസിയുമായ അനിലാണ് (44) അറസ്റ്റിലായത്. രാജന്‍ ഒറ്റയ്ക്കായിരുന്നു താമസം. ഇവിടെയിരുന്ന് രാജനും അനിലും മദ്യപിക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. ഞായറാഴ്ച രാത്രിയില്‍ മദ്യലഹരിയില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം നടന്നു. ഇതിനിടെ രാജനെ അനില്‍ കുത്തുകയായിരുന്നു. നെഞ്ചിന് താഴെയായിരുന്നു കുത്തേറ്റത്. സംഭവം ആരും അറിഞ്ഞില്ല. മണിക്കൂറുകളോളം ചോര വാര്‍ന്ന കിടന്ന രാജന്‍ പിന്നീട് മരണപ്പെടുകയായിരുന്നു. കാപ്പിയുമായെത്തിയ ബന്ധു അറിയിച്ചതനുസരിച്ചെത്തിയ നാട്ടുകാര്‍ കൂടല്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.
പിന്നാലെ അനില്‍ ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താന്‍ പോലീസ് നാല് സംഘങ്ങളായി നടത്തിയ തിരച്ചിലിനൊടുവില്‍ കലഞ്ഞൂരില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പത്താപുരത്ത് നിന്ന് സ്വകാര്യ ബസില്‍ കോന്നിയിലേക്ക് വരുന്നതിനിടെയായിരുന്നു അറസ്റ്റ്.
ജില്ല പോലീസ് മേധാവി ആര്‍. ആനന്ദ്, ഡിവൈ.എസ്.പി അജയ്നാഥ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, ഫോറെന്‍സിക് വിഭാഗവും സ്ഥലത്ത് എത്തിയിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോന്നി ആശുപത്രിയിലേക്ക് മാറ്റി. രാജന്‍ അവിവാഹിതനാണ്.