വളര്‍ത്തു നായയ്ക്ക് പേ ആണെന്ന് പറഞ്ഞതിന് നാട്ടുകാര്‍ക്ക് നേരെ അസഭ്യ വര്‍ഷം; ചോദ്യം ചെയ്ത വയോധികനെ വീട്ടില്‍ കയറി തലയ്ക്ക് മണ്‍വെട്ടിക്ക് വെട്ടി; യുവാവ് അറസ്റ്റില്‍

വയോധികനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

Update: 2025-10-13 16:48 GMT

പെരുമ്പെട്ടി: തനിച്ച് താമസിക്കുന്ന വയോധികനെ മണ്‍വെട്ടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. എഴുമറ്റൂര്‍ കാരമല താളിയാട്ടുവീട്ടില്‍ അജേഷ് കുമാര്‍(മത്തായി-32) ആണ് അറസ്റ്റിലായത്. അയല്‍വാസി പറുങ്കിക്കീഴില്‍ വീട്ടില്‍ കുഞ്ഞൂട്ടി എന്നു വിളിക്കുന്ന സോമനെ(70)യാണ് അജേഷ് ആക്രമിച്ചത്.

വീട്ടില്‍ വളര്‍ത്തുന്ന നായകള്‍ക്ക് പേ വിഷബാധയുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞുവെന്ന് ആരോപിച്ച് അജേഷ് അയല്‍വാസികളെ ചീത്തവിളിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. ഈ സമയം റോഡിലൂടെ പോയ ബന്ധുവായ സോമന്‍ എന്തിനാണ് തെറി വിളിക്കുന്നതെന്ന് ചോദിച്ചതാണ് പ്രകോപനമായത്. പിന്നാലെ സോമന്റെ വീട്ടിലെത്തിയ അജേഷ് വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും മുറ്റത്ത് കിടന്ന മണ്‍വെട്ടിയെടുത്ത് തലയ്ക്ക് അടിക്കുകയുമായിരുന്നു.

തലയോട്ടിയുടെ അസ്ഥിക്ക് പൊട്ടലേറ്റ സോമന്‍ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പോലീസ് ഇന്‍സ്പെക്ടര്‍ ബി. സജീഷ് കുമാര്‍ സ്ഥലത്തു വന്ന് പരുക്കേറ്റ സോമനെ ആംബുലന്‍സ് വരുത്തി ഹോസ്പിറ്റലിലേക്ക് അയച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുകയായിരുന്നു. കൃത്യത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാരമലയിലുളള വീട്ടുപരിസരത്ത് നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News