തെള്ളിയൂര്‍ക്കാവ് വൃശ്ചിക വാണിഭത്തിനെത്തിയ കുടുംബത്തിന് നേരെ അതിക്രമം: യുവാക്കള്‍ അറസ്റ്റില്‍
കുടുംബത്തിന് നേരെ അതിക്രമം: യുവാക്കള്‍ അറസ്റ്റില്‍
കോയിപ്രം : തെള്ളിയൂര്‍ക്കാവ് വൃശ്ചികവാണിഭത്തോടനുബന്ധിച്ച് സാധനങ്ങള്‍ വാങ്ങാനെത്തിയ കുടുംബത്തിന് നേരെ അതിക്രമം കാട്ടിയ യുവാക്കളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കുടുംബാംഗങ്ങളുമൊത്ത് സാധനങ്ങള്‍ വാങ്ങിക്കൊണ്ടിരുന്ന യുവതിയോട് മോശം കമന്റ് പറയുകയും അതിനെതിരെ പ്രതികരിച്ച സമയം പ്രതികള്‍ ഒത്തുചേര്‍ന്ന് യുവതിയെയും ഭര്‍ത്താവിനെയും സഹോദരനെയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
യുവതിയുടെ പരാതിയിന്‍മേല്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ സുനുമോന്‍ കെ യുടെ നേതൃത്വത്തില്‍ പോലീസ് സബ്ഇന്‍സ്‌പെക്ടര്‍ രാജീവ്.ആര്‍, എസ് .സി.പി.ഒ ഷബാന, സി.പി.ഒ മാരായ സിനീഷ്,അനന്തു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
എഴുമറ്റൂര്‍ സ്വദേശികളായ കൈമളഹൌസില്‍ അമല്‍ സുനില്‍ (20), പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ ഷര്‍ഫിന്‍ സെബാസ്റ്റ്യന്‍ (23),കാരയ്ക്കല്‍ വീട്ടില്‍ ബിജിന്‍ കെ ബിനു (20), എഴിക്കകത്ത് വീട്ടില്‍ ബിബിന്‍ബാബു(20),പതിരുവേലില്‍ വീട്ടില്‍ അഫ്‌സല്‍ (19) എന്നിവരാണ് അറസ്റ്റിലായത് . കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.