പത്തനംതിട്ട നഗരമധ്യത്തിലെ ഇടവഴിയില്‍ പിടിച്ചുപറിയും മോഷണവും; വഴിയാത്രക്കാരനെ കൊള്ളയടിച്ച് മൂന്നംഗസംഘത്തിലെ പ്രധാനിയെ അറസ്റ്റ് ചെയ്ത് പോലീസ്

പത്തനംതിട്ട നഗരമധ്യത്തിലെ ഇടവഴിയില്‍ പിടിച്ചുപറിയും മോഷണവും

Update: 2026-01-13 13:13 GMT

പത്തനംതിട്ട: വഴിയാത്രക്കാരനെ ആക്രമിച്ച് മൊബൈലും പണവും കവര്‍ച്ച ചെയ്ത കേസില്‍ ഒന്നാം പ്രതിയെ പോലീസ് പിടികൂടി. വലഞ്ചൂഴി മുസ്ലീംപള്ളിക്ക് സമീപം താമസിക്കുന്ന മൂലയ്ക്കല്‍ പുരയിടത്തില്‍ അക്ബര്‍ഖാന്‍ (37) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെ ദേവസ്വം ബോര്‍ഡ് ഓഫീസിലേക്കും മറ്റും പോകുന്ന ഇടവഴിയിലൂടെ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു പോകുകയായിരുന്നയാളെയാണ് മൂന്നു പേര്‍ ചേര്‍ന്ന് കൊള്ളയടിച്ചത്.

വിജനമായ ഇടവഴിയില്‍ വച്ച് പിന്നിലൂടെ വന്ന മൂന്നുപേര്‍ ചേര്‍ന്ന് കഴുത്തിന് കുത്തിപ്പിടിച്ച് കവിളില്‍ അടിക്കുകയും ഭീഷണിപ്പെടുത്തി ഷര്‍ട്ടിന്റെ പോക്കറ്റില്‍ കിടന്ന 27,000രൂപ വിലവരുന്ന മൊബൈല്‍ഫോണും പാന്റ്സിന്റെ പോക്കറ്റിലുണ്ടായിരുന്ന 1500രൂപയും കവര്‍ന്ന ശേഷം കടന്നു കളയുകയായിരുന്നു.

കേസെടുത്ത പോലീസ് ഒന്നാം പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ ഷിജു.പി.സാമിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News