കേബിൾ കുരുക്കിൽ പിടികൂടിയ കേഴ മാനുകളെ ഇറച്ചിയാക്കി; വയനാട് സഹോദരങ്ങള്‍ അറസ്റ്റിൽ; പിടിച്ചെടുത്തത് പത്ത് കിലോയോളം ഇറച്ചി
പുൽപ്പള്ളി: വയനാട് പുൽപ്പള്ളി പെരിക്കല്ലൂർ പാതിരി റിസർവ് വനത്തിൽ കേഴമാനെ കേബിൾ കുരുക്കിൽ പിടിച്ച് ഇറച്ചിയാക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത് സഹോദരങ്ങൾ. പെരിക്കല്ലൂർ സ്വദേശികളായ തടത്തിൽ ബെന്നി (54), തടത്തിൽ റെജി തോമസ് (57) എന്നിവരെയാണ് പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലക സംഘം രാത്രികാല പരിശോധനയ്ക്കിടെ പിടികൂടിയത്.
വനത്തിൽ രഹസ്യമായി കേബിൾ കുരുക്കുകൾ സ്ഥാപിച്ച് സ്ഥിരമായി മാനുകളെ പിടികൂടി ഇറച്ചിയാക്കുകയായിരുന്നു ഇവർ. പ്രതികളിൽ നിന്ന് ഏകദേശം പത്ത് കിലോയോളം കേഴമാനിന്റെ ഇറച്ചി, കത്തികൾ, ഹെഡ് ലൈറ്റുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
പുൽപ്പള്ളി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ നിജേഷിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.എസ്. ശ്രീജിത്ത്, കെ.കെ. ജോജിഷ്, ടി.ആർ. പ്രഭീഷ്.ടി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ചെതലത്ത് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
തെളിവെടുപ്പിനിടെ, കേഴമാനിന്റെ തല, തോൽ, മറ്റ് അവശിഷ്ടങ്ങൾ, കൂടാതെ കുരുക്കാനായി ഉപയോഗിച്ച കേബിളുകളും കണ്ടെടുത്തു. അറസ്റ്റിലായ പ്രതികളെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.