വെർച്വൽ അറസ്റ്റിലൂടെ വൈദികനിൽനിന്ന് തട്ടിയത് 11 ലക്ഷം രൂപ; പ്രതിയെ ഗുജറാത്തിൽ നിന്നും പൊക്കി കേരള പോലീസ്
കടുത്തുരുത്തി: വെർച്വൽ അറസ്റ്റിലൂടെ വൈദികനിൽനിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയെ ഗുജറാത്തിൽനിന്ന് അറസ്റ്റിൽ. ഗുജറാത്ത് വഡോദര സ്വദേശിയായ മൻദീപ് സിങ് ആണ് കടുത്തുരുത്തി പൊലീസിന്റെ പിടിയിലായത്. സി.ബി.ഐ ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി വൈദികനിൽ നിന്നും പണം തട്ടിയത്.
കഴിഞ്ഞ ആറിനാണ് കേസിനാസ്പദമായ സംഭവം. സി.ബി.ഐ ഉദ്യോഗസ്ഥനെന്ന വ്യാജേനെ വൈദികന്റെ അക്കൗണ്ടിൽ കള്ളപ്പണ ഇടപാട് നടന്നതായി തെളിയിക്കുന്ന വ്യാജരേഖകൾ കാണിച്ചും ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. തുടർന്ന് വൈദികന്റെ അക്കൗണ്ടിൽനിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തു. പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടതോടെ വൈദികൻ പൊലീസിൽ പരാതി നൽകി.
ജില്ല പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നിർദേശാനുസരണം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തട്ടിപ്പ് നടത്തിയ പണം ഗുജറാത്ത് വഡോദരയിലെ ആക്സിസ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഇവയെല്ലാം കണ്ടെത്തിയതോടെയാണ് സംഘം ഗുജറാത്തിൽ എത്തിയത്. കേരളത്തിലേക്ക് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കും.