കളിക്കുന്നതിനിടെ അബദ്ധത്തിൽ വിഴുങ്ങിയത് കളിപ്പാട്ടത്തിലെ 5 ബാറ്ററികൾ; ഒട്ടും വൈകാതെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് വീട്ടുകാർ; പൊട്ടിയിരുന്നെങ്കിൽ ജീവന് പോലും ഭീഷണിയായേനെ; രണ്ടു വയസുകാരന്റെ ജീവൻ രക്ഷിച്ച് ഡോക്ടർമാർ
മേപ്പാടി: കളിക്കുന്നതിനിടെ അബദ്ധത്തിൽ അഞ്ച് ബാറ്ററികൾ വിഴുങ്ങിയ രണ്ടുവയസ്സുകാരന്റെ ജീവൻ രക്ഷപ്പെടുത്തി ഡോക്ടർമാർ. വയനാട് ബത്തേരി മൂലങ്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് കളിപ്പാട്ടത്തിലെ ബാറ്ററികൾ വിഴുങ്ങിയത്. ഡോക്ടർമാരുടെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടത്തിയ അടിയന്തര എൻഡോസ്കോപ്പിയിലൂടെ ബാറ്ററികൾ പുറത്തെടുത്തത്.
കുട്ടി ബാറ്ററികൾ വായിലിടുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ ഒട്ടും വൈകാതെ തന്നെ കുട്ടിയെ മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. ഗാസ്‌ട്രോ എന്ററോളജി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. സൂര്യനാരായണന്റെ നേതൃത്വത്തിൽ ഡോ. അഖിൽ, ഡോ. അഞ്ജന എന്നിവർ ചേർന്നാണ് എൻഡോസ്കോപ്പിയിലൂടെ അഞ്ച് ബാറ്ററികളും സുരക്ഷിതമായി പുറത്തെടുത്തത്.
ബാറ്ററികൾ വിഴുങ്ങുന്നത് കുട്ടികളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. വയറ്റിലെ അസിഡിക് പ്രവർത്തനം മൂലം ബാറ്ററികൾ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. ബാറ്ററി പൊട്ടിയാൽ പുറന്തള്ളപ്പെടുന്ന രാസവസ്തുക്കൾ കുടൽ, കരൾ തുടങ്ങിയ പ്രധാന അവയവങ്ങൾക്ക് ഗുരുതരമായ നാശമുണ്ടാക്കും. കൃത്യസമയത്ത് എൻഡോസ്കോപ്പിയിലൂടെ ഇവ പുറത്തെടുക്കാൻ സാധിച്ചില്ലെങ്കിൽ സങ്കീർണ്ണമായ ശസ്ത്രക്രിയകളിലേക്ക് നീങ്ങേണ്ടി വരുമായിരുന്നു.
കുട്ടികൾ കളിപ്പാട്ടങ്ങൾ ഉപയോഗിക്കുമ്പോൾ മുതിർന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് മെഡിക്കൽ കോളേജ് അധികൃതർ നിർദ്ദേശിച്ചു. കുട്ടികൾക്ക് അവരുടെ പ്രായത്തിന് അനുയോജ്യമായ കളിപ്പാട്ടങ്ങൾ മാത്രം നൽകുക എന്നും, ചെറിയ ഭാഗങ്ങളുള്ളതോ ബാറ്ററി എളുപ്പത്തിൽ ഊരിയെടുക്കാവുന്നതോ ആയ കളിപ്പാട്ടങ്ങൾ ഒഴിവാക്കുക എന്നും അവർ ആവശ്യപ്പെട്ടു. കുട്ടികൾ കളിക്കുമ്പോൾ എപ്പോഴും മുതിർന്നവരുടെ നിരീക്ഷണത്തിലായിരിക്കണമെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.