മന്ത്രിമാരും സന്തോഷിക്കണം, തർക്കമില്ല; പക്ഷെ പാവപ്പെട്ട രോഗികൾ മരിക്കുകയാണ്; നാട്ടുകാരെ പറ്റിക്കാൻ ഇപ്പോൾ ഡാൻസുമായി ഇറങ്ങിയിരിക്കുകയാണ്; ആരോഗ്യമന്ത്രിയെ വിമർശിച്ച് ഡോ. എസ്.എസ് ലാൽ
തിരുവനന്തപുരം: 'വൈബ് ഫോർ വെൽനസ്' എന്ന ജനകീയ ക്യാമ്പയിൻ്റെ സംസ്ഥാനതല ഉദ്ഘാടനത്തിനിടെ ആരോഗ്യ മന്ത്രി വീണാ ജോർജ് നൃത്തം ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ വിമർശനവുമായി പ്രമുഖ ആരോഗ്യ വിദഗ്ദ്ധനും പൊതുപ്രവർത്തകനുമായ ഡോ. എസ്.എസ്. ലാൽ. ആരോഗ്യമേഖലയിലെ കെടുകാര്യസ്ഥത മറച്ചുവെക്കാനും തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ശ്രമമാണിതെന്ന് അദ്ദേഹം വിമർശിച്ചു. സർക്കാർ ആശുപത്രികളിൽ രോഗികൾ മരിച്ചുവീഴുമ്പോഴുള്ള ഈ 'അസമയത്തെ ഡാൻസ്' വേദനാജനകമാണെന്നും അദ്ദേഹം തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
അസമയത്തെ ഡാൻസ് !
മന്ത്രിമാരൊക്കെ ഡാൻസ് ചെയ്യുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ കാണുന്നു. മന്ത്രിമാരും സന്തോഷിക്കണം, തർക്കമില്ല. പക്ഷേ, ആരോഗ്യമന്ത്രിയൊക്കെ ഒരു കാര്യം ഓർക്കണം. ആരോഗ്യവകുപ്പിൻ്റെ കെടുകാര്യസ്ഥത കാരണം സർക്കാരാശുപത്രികളിൽ പാവപ്പെട്ട രോഗികൾ മരിക്കുകയാണ്. ജീവൻ രക്ഷിക്കാൻ ഡയാലിസ് നടത്തിയ രോഗികൾ ഡയാലിസ് കാരണം മരിക്കുകയാണ്. പത്ത് വർഷം ഒന്നും ചെയ്യാതിരുന്നിട്ട് ഇലക്ഷൻ്റെ തലേന്ന് ഡാൻസുമായി ഇറങ്ങിയിരിക്കുകയാണ്, നാട്ടുകാരെ പറ്റിക്കാൻ. വേദനയോടെയാണിത് പറയുന്നത്. ആരോഗ്യ രംഗത്ത് വന്നിട്ട് 42 വർഷമായി. ആരോഗ്യരംഗത്തെ ഇത്രയധികം തകർത്ത മറ്റൊരു സർക്കാരില്ല.
ആരോഗ്യ വകുപ്പ് 'ആരോഗ്യം ആനന്ദം – വൈബ് ഫോർ വെൽനസ്' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ ജനകീയ ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്യാമ്പയിൻ വഴി അങ്കണവാടി മുതൽ ഐ.ടി. പാർക്കുകൾ വരെ വ്യായാമം ചെയ്യാൻ പരിശീലനം നൽകും. ഇതിനായി പരിശീലകരെ സർക്കാർ നിയോഗിക്കും. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നിവയാണ് ഈ ക്യാമ്പയിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. 2026-ലെ പുതുവർഷ ദിനത്തിൽ ആരോഗ്യത്തിനായി പ്രതിജ്ഞയെടുക്കാൻ പൊതുജനങ്ങളെ ആഹ്വാനം ചെയ്യുകയാണ് ക്യാമ്പയിനിലൂടെ.