ഡോ.വന്ദന ദാസിനെ ആക്രമിച്ച പ്രതി സന്ദീപ് തന്നെയും മാരകമായി ആക്രമിച്ചു; പൊലീസിന്റെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായിട്ടില്ലെന്ന് സാക്ഷി ഹോം ഗാര്‍ഡ് അലക്‌സ് കുട്ടി; സാക്ഷി വിസ്താരം തുടരുന്നു

ഡോ.വന്ദന ദാസിനെ ആക്രമിച്ച പ്രതി സന്ദീപ് തന്നെയും മാരകമായി ആക്രമിച്ചു

Update: 2025-08-13 11:57 GMT

കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഡോ വന്ദനാദാസിനെ പ്രതി സന്ദീപ് ആക്രമിച്ച സംഭവത്തില്‍ പ്രതി തന്നെയും മാരകമായി ആക്രമിച്ചതായി ഹോം ഗാര്‍ഡ് അലക്‌സ് കുട്ടി കോടതിയില്‍ മൊഴി നല്കി. സംഭവത്തില്‍ പോലിസിന്റെ ഭാഗത്തുനിന്നും യാതൊരു വിധ കൃത്യവിലോപവും ഉണ്ടായിട്ടില്ല എന്നും സാക്ഷി കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി എന്‍ വിനോദ് മുമ്പാകെ മൊഴി കൊടുത്തു.

സംഭവസ്ഥലത്തെ സി സി ടിവി ദൃശ്യങ്ങള്‍ തനിക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്ന് കോടതിയില്‍ സാക്ഷി മൊഴി നല്കിയതിനെ തുടര്‍ന്ന് കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിലെ ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തത് കോടതിയില്‍ പ്രദര്‍ശിപ്പിക്കുവാന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അനുമതി തേടി. തുടര്‍ന്ന് കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു.

കേസിലെ നാലും അഞ്ചും സാക്ഷികളായ എസ് ഐ മണിലാല്‍, ആംബുലന്‍സ് ഡ്രൈവര്‍ രാജേഷ് എന്നിവരെ വ്യാഴാഴ്ച വിസ്തരിക്കും. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്

കേസിലെ രണ്ടാം സാക്ഷിയും പ്രതിയുടെ സമീപവാസിയുമായ ബിനുവിന്റെ സാക്ഷി വിസ്താരമാണ് ചൊവ്വാഴ്ച പൂര്‍ത്തിയായത്. കേസിലെ പ്രതിയായ കുടവട്ടൂര്‍ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പോലിസ് കൊട്ടാരക്കര ഗവ ആശുപത്രിയിലേക്ക് കൊണ്ടുവന്ന സമയം താനും അവരോടൊപ്പമുണ്ടായിരുന്നതായി മൊഴി കൊടുത്ത സാക്ഷി, ആശുപത്രിയിലെ സി സി ടിവി ദൃശ്യങ്ങള്‍ കോടതിയില്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് മൊഴി കൊടുത്തിരുന്നു. കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഈ സി സി ടിവി ദൃശ്യങ്ങള്‍ കോടതിയില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അനുവാദം തേടുകയും തുടര്‍ന്ന് കോടതിയില്‍ പ്രദര്‍ശിപ്പിച്ച സാക്ഷി ഉള്‍പ്പെട്ട സിസി ദ്യശ്യങ്ങള്‍ കോടതിയില്‍ തിരിച്ചറിയുകയും ചെയ്തു. കൂടാതെ സംഭവ ദിവസത്തിന്റെ തലേ ദിവസം രാത്രിയിലും പ്രതിയെ താന്‍ വീടിനു സമീപം കണ്ടിരുന്നതായും പ്രതിയുടെ മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ച് കാണാനില്ല എന്ന് പറഞ്ഞ് പ്രതി ബഹളം കൂട്ടിയിരുന്നതായും സാക്ഷി കോടതിയില്‍ മൊഴി നല്കി.

Tags:    

Similar News