ആലിങ്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങി മരിച്ചു; ദാരുണാന്ത്യം തൃശൂര്‍ കാളത്തോട് ചക്കാലത്തറ അത്തിക്കല്‍ വീട്ടില്‍ അക്മലിന്
ആലിങ്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങി മരിച്ചു
വടക്കഞ്ചേരി: മംഗലംഡാം ആലിങ്കല്‍ വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങി മരിച്ചു. തൃശൂര്‍ കാളത്തോട് ചക്കാലത്തറ അത്തിക്കല്‍ വീട്ടില്‍ അക്മല്‍ (17) ആണ് മരിച്ചത്. ഞായര്‍ രാവിലെ എട്ടോടെ തപ്പിലിക്കയം വെള്ളക്കെട്ടിലാണ് അപകടം. വെള്ളക്കെട്ടിന്റെ സമീപത്തുനിന്ന് മൊബൈലില്‍ സെല്‍ഫിയെടുക്കുന്നതിനിടെ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ രക്ഷിക്കാന്‍ ചാടിയെങ്കിലും ഇവരും മുങ്ങി. നിലവിളി കേട്ട് സമീപവാസികളാണ് ഇവരെ രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും അക്മല്‍ മുങ്ങിത്താഴ്ന്നിരുന്നു.
അഗ്‌നിരക്ഷാസേനയും നാട്ടുകാരുംചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാവിലെ 10.30ന് മൃതദേഹം കണ്ടെടുത്തു. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അഞ്ച് വര്‍ഷംമുമ്പും ഇവിടെ ഒരാള്‍ മുങ്ങിമരിച്ചിട്ടുണ്ട്. കഴിഞ്ഞവര്‍ഷം വെള്ളച്ചാട്ടം കാണാനെത്തിയ യുവാക്കള്‍ കുടുങ്ങിയപ്പോള്‍ അഗ്‌നിരക്ഷാസേനയാണ് രക്ഷിച്ചത്.
അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാത്തതിനാല്‍ മറ്റുസ്ഥലങ്ങളില്‍നിന്ന് വരുന്നവരാണ് അപകടത്തില്‍പ്പെടുന്നതില്‍ കൂടുതലും. മംഗലംഡാം പൊലീസ് കേസെടുത്തു. അക്മലിന്റെ ബാപ്പ യൂസഫ്. ഉമ്മ: മാജിത. സഹോദരങ്ങള്‍: ഫര്‍ഹാന, ഫിദ.