കളിചിരികളുമായി എത്തിയ ആ കൂട്ടുകാർ; ഒന്ന് കുളിക്കാനായി നെയ്യാറിൽ ഇറങ്ങിയതും അപകടം; ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ഒരാളെ രക്ഷപ്പെടുത്തി; തീരാനോവായി അഭിനവ്
തിരുവനന്തപുരം: കീഴാറൂരിലെ നെയ്യാറിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. കാട്ടാക്കട തൂങ്ങാപാറ അമൃതം വീട്ടിൽ അനില്‍കുമാറിന്റെ മകൻ അഭിനവ് (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഈരാറ്റിൻപുറം ആറ്റുകടവിലാണ് ദാരുണമായ സംഭവം നടന്നത്.
കാട്ടാക്കട പി.ആര്‍.വില്യം സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അഭിനവ്. ആറോളം വിദ്യാർത്ഥികളാണ് വൈകുന്നേരം നെയ്യാറിലെ ആറ്റുകടവിൽ കുളിക്കാനെത്തിയത്. ഇവരിൽ നാല് പേർ വെള്ളത്തിലിറങ്ങുകയും, കുളിക്കുന്നതിനിടെ രണ്ട് പേർ കരയിലേക്ക് കയറുകയും ചെയ്തു. തുടർന്ന് അഭിനവും സഹപാഠിയായ അഭിനന്ദും ഒഴുക്കിൽപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ ബഹളം വെച്ചതിനെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ അഭിനന്ദിനെ രക്ഷപ്പെടുത്തി. എന്നാൽ അഭിനവ് വെള്ളത്തിൽ താഴ്ന്നുപോയി. നാട്ടുകാരുടെ അറിയിപ്പിനെ തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് അഭിനവിന്റെ മൃതദേഹം കണ്ടെത്താനായത്.