ബംഗളൂരുവില്‍ ടാക്സി ഡ്രൈവറായ യുവാവ് നാട്ടിലെത്തിയത് എംഡിഎംഎയുമായി; സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് കൈയോടെ പിടികൂടി കോയിപ്രം പോലീസ്; യുവാവ് മുന്‍പും ലഹരി മരുന്നു കേസുകളില്‍ പ്രതി
ലഹരി മരുന്ന് കേസുകളില്‍ പ്രതിയായ യുവാവിനെ എംഡിഎംയുമായി പോലീസ് പിടികൂടി
പത്തനംതിട്ട: മുന്‍പും ലഹരി മരുന്ന് കേസുകളില്‍ പ്രതിയായ യുവാവിനെ എംഡിഎംയുമായി കോയിപ്രം പോലീസ് പിടികൂടി. ആറന്മുള മാലക്കര തുണ്ടിമണ്ണില്‍ രാഹുല്‍ മോഹനാ(31) 20.84 ഗ്രം എംഡിഎംഎയുമായി എസ്.ഐ. ആര്‍. രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ വലയിലായത്.
ഇയാള്‍ ബംഗളൂരുവില്‍ യൂബര്‍ ടാക്സി ഡ്രൈവറാണ്. ടി.കെ റോഡില്‍ മാരാമണ്‍ നെടുംപ്രയാറിന് സമീപമുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ് ഏരിയായില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായത്. ബാംഗളൂരുവില്‍ നിന്നും ടൂറിസ്റ്റ് ബസ്സില്‍ കഞ്ചാവുമായി നെടുംപ്രയാറില്‍ എത്തിയതായുളള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡാന്‍സാഫ് ടീം രാഹുലിനെ തടഞ്ഞു വച്ച് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
പ്രതിയുടെ ബാഗില്‍ നിന്നുമാണ് എം.ഡി.എം.എ കണ്ടെടുത്തത്. 2015 ല്‍ ആറന്‍മുള പോലീസ് രജിസ്റ്റര്‍ ചെയ്ത അടിപിടിക്കേസിലും 2019 ല്‍ മയക്ക് മരുന്നിനത്തില്‍പ്പെട്ട നിട്രോസന്‍ ആര്‍ 10 എന്ന നൂറിലധികം ഗുളികകള്‍ കൈവശം വെച്ച് വില്പന നടത്തിയതിലേക്ക് റാന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലും രാഹുല്‍ പ്രതിയാണ്.
പ്രതിയെ പത്തനംതിട്ട അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതിയില്‍ ഹാജരാക്കി. ജില്ലാ പോലീസ് മേധാവിയായി ആര്‍. ആനന്ദ് ചുമതലയേറ്റതിനെ തുടര്‍ന്ന് കഞ്ചാവ് മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ ജില്ലയില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ച് വരുന്നു. ഇതിനകം നിരവധി പ്രതികളെ പിടികൂടിയിട്ടുണ്ട്. മൂന്ന് ദിവസം മുമ്പ് ബ്രൗണ്‍ഷുഗറും കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശിയെ പന്തളം പോലീസ് പിടികൂടിയിരുന്നു.