രഹസ്യവിവരത്തിൽ പോലീസ് പരിശോധന; ഓൺലൈൻ തേയിലപ്പൊടി കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്ത്; യുവാവ് പിടിയിൽ
കോഴിക്കോട്: ഓൺലൈൻ തേയിലപ്പൊടി കച്ചവടത്തിന്റെ മറവിൽ ലഹരിക്കടത്ത് നടത്തിയ യുവാവ് പിടിയിൽ. കൊടുവള്ളി കളരാന്തിരി സ്വദേശി വട്ടിക്കുന്നുമ്മൽ മുഹമ്മദ് ഡാനിഷ് (28) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 2.69 ഗ്രാം എം.ഡി.എം.എയും ലഹരി ഉപയോഗിക്കുന്നതിനുള്ള 340 ഓളം പൈപ്പുകളും (ബോംഗുകൾ) പോലീസ് കണ്ടെടുത്തു.
വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി തേയിലപ്പൊടി വിൽപ്പന നടത്തുന്നതിന്റെ മറവിലാണ് പ്രതി ലഹരിക്കടത്ത് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. ലഹരി ഉൽപ്പന്നങ്ങൾ തേയിലയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊറിയർ വഴിയാണ് വിതരണം ചെയ്തിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
സംഭവത്തിൽ കൊടുവള്ളി പോലീസും ജില്ലാ പോലീസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായാണ് അന്വേഷണം നടത്തിയത്. സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. രാജീവ് ബാബു, എ.എസ്.ഐ. ജയരാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിനീഷ്, രതീഷ് കുമാർ, ഹനീഷ്, ഷിജു എന്നിവരും, കൊടുവള്ളി എസ്.ഐ. വിനീത് വിജയൻ, സി.പി.ഒ. എം.കെ. ഷിജു, രമ്യ, വാസു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ലഹരിക്കടത്തിന് ഉപയോഗിച്ച പൈപ്പുകളും എം.ഡി.എം.എയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.