ദേശീയ പാതയിലൂടെ ഫുൾ ലോഡ് ചരക്കുമായി കുതിക്കുന്ന പതിനാല് ടയർ ടോറസ്; വരവ് കണ്ട് പലരും ഒതുങ്ങി കൊടുത്തു; പെട്ടെന്ന് സഡൻ ബ്രേക്ക്; നടുറോഡിൽ അടിച്ച് ഓഫായി ഡ്രൈവർ ചെയ്തത്

Update: 2025-09-27 12:13 GMT

കാസർകോട്: ദേശീയപാതയുടെ നടുവിൽ മദ്യലഹരിയിൽ ടാങ്കർ ലോറി നിർത്തി ഉറങ്ങുകയായിരുന്ന ഡ്രൈവറെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തഞ്ചാവൂർ സ്വദേശി ബാലസുബ്രഹ്മണ്യനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ മദ്യലഹരിയിൽ അമിതവേഗതയിലും അപകടകരമായ രീതിയിലും ലോറി ഓടിച്ചെത്തിയാണ് കുമ്പള ദേവീനഗറിൽ വെച്ച് റോഡിന്റെ മധ്യഭാഗത്ത് ലോറി നിർത്തുകയും ഉറങ്ങുകയുമായിരുന്നു. ഇന്നലെ രാത്രി ഒൻപതു മണിയോടെയാണ് സംഭവം നടന്നത്.

കണ്ണൂർ ഭാഗത്തേക്ക് എൽപിജിയുമായി പോകുകയായിരുന്ന ടാങ്കർ ലോറിയാണ് അപകടകരമായ രീതിയിൽ റോഡിൽ കിടന്നത്. നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ പോലീസ്, ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ലോറി റോഡിൽ നിന്ന് മാറ്റി ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ചെയ്തു.

സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. റോഡിൽ ഗതാഗതത്തിന് തടസ്സമുണ്ടാക്കിയതും മദ്യലഹരിയിൽ വാഹനം ഓടിച്ചതുമാണ് ഇയാൾക്കെതിരെയുള്ള കുറ്റങ്ങൾ. 

Tags:    

Similar News