സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബി.ജെ.പിയുമായുള്ള ഡീലിന്റെ ഭാഗം; പാലക്കാട് ഡോ.സരിന്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഇപി ജയരാജന്‍

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബി.ജെ.പിയുമായുള്ള ഡീലിന്റെ ഭാഗം

Update: 2024-11-16 10:31 GMT

കണ്ണൂര്‍: ബി.ജെ.പി വക്താവ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തോടെ ബിജെപി -കോണ്‍ഗ്രസ് ഡീല്‍ കൂടുതല്‍ വ്യക്തമായെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍ പറഞ്ഞു.കണ്ണൂര്‍ അഴീക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി യുഡിഎഫ് സ്ഥാനാര്‍ത്ഥി എപ്പോള്‍ ബിജെപിയില്‍ ചേരുമെന്ന് നോക്കിയാല്‍ മാത്രം മതി.

എല്‍ഡിഎഫ് വിജയം ഉറപ്പായപ്പോഴാണ് കോണ്‍ഗ്രസ് -ബിജെപി യെ കൂടുതല്‍ ആശ്രയിക്കുന്നത് എല്‍ഡിഎഫ് മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് അങ്കലാപ്പിലാണ്. പാലക്കാട് ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഡോ.സരിന്‍ നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു. സി.പി.എം കണ്ണൂര്‍ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായി അഴിക്കോട് ചാലിലെ സ്‌നേഹതീരം ഓഡിറ്റോറിയത്തിലെത്തിയതായിരുന്നു ഇപി ജയരാജന്‍. ഇതിനിടെയാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

സന്ദീപ് വാര്യര്‍ ബിജെപി വിട്ടത് നന്നായെന്നും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ വലിയ വ്യത്യാസമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചു. നയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പാര്‍ടി നിലപാട് എടുക്കൂ. ഒരാള്‍ ഇങ്ങോട്ട് വരുന്നതോ പോകുന്നതോ അല്ല പ്രശ്നം. ഇന്നലെ വരെ നില്‍ക്കുന്ന നിലപാടില്‍ നിന്ന് മാറി ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം ചേരുന്നവരെ സ്വീകരിക്കും. ഭൂതകാലം മാത്രം നോക്കി നിലപാട് എടുക്കാറില്ല.

നിലപാട് വ്യക്തമാക്കിയാല്‍ അതനുസരിച്ച് പാര്‍ടി തീരുമാനമെടുക്കും. സരിന്റെ കാര്യത്തില്‍ എടുത്ത നിലപാട് അതാണെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News