'റമ്ദാൻ കരിം...'; ഒടുവിൽ മാസപ്പിറവി ദൃശ്യമായി; ഒമാൻ ഒഴികെ സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ; പുണ്യ ദിനത്തെ വരവേൽക്കാൻ ഒരുങ്ങി വിശ്വാസികൾ
റിയാദ്: സൗദിയിൽ മാസപ്പിറവി ദൃശ്യമായതോടെ ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. അതേസമയം, ഒമാനിൽ മാസപ്പിറവി ദൃശ്യമായില്ല. അതുകൊണ്ട് അവിടെ തിങ്കളാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുക എന്നും അറിയിപ്പുണ്ട്. സൗദിയിൽ ശവ്വാൽ മാസപ്പിറവി ദൃശ്യമായി. ഇതോടെ റമദാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. രാവിലെ 6.30 ന് മക്കയിൽ പെരുന്നാൾ നമസ്‌കാരം നടക്കുമെന്ന് അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിലെമ്പാടും മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാൾ നമസ്‌കാരത്തിന് സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഈദ് ഗാഹുകൾ നടക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള മതപണ്ഡിതരാണ് പലയിടത്തും മലയാളി സംഘടനകളുടെ ഈദ്ഗാഹുകൾക്ക് നേതൃത്വം നൽകുന്നത്. മക്കയിലെ ഹറം പള്ളിയിൽ പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും ശൈഖ് അബ്ദുറഹ്മാൻ സുദൈസ് നേതൃത്വം നൽകും.