കിണറിന്റെ വശങ്ങള്‍ ഇടിച്ച് കരയ്‌ക്കെത്തിച്ച ശേഷം ആനയെ കാട്ടിലേക്ക് തുരത്തുന്നതാണ് എളുപ്പമാര്‍ഗം; മയക്കു വെടിയും പരിഗണനയില്‍; ഊര്‍ങ്ങാട്ടിരിയിലെ കൃഷിയിടത്തിലെ കിണറ്റില്‍ നിന്നും ആനയെ കയറ്റാന്‍ ശ്രമം തുടരുന്നു
മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കരയ്‌ക്കെത്തിച്ച ശേഷം മയക്കുവെടി വയ്ക്കുന്നതില്‍ അനിശ്ചിതത്വം. ഇതു സംബന്ധിച്ച് ചീഫ് എലഫന്റ് വാര്‍ഡന്റെ നിര്‍ദേശം ഉടനുണ്ടാകും.
വയനാട്ടില്‍ നിന്ന് വിദഗ്ധസംഘം എത്തി ആനയെ പരിശോധിക്കും. ആനയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു മാത്രമേ മയക്കുവെടി വയ്ക്കൂ. എന്നാല്‍, ആനയെ മയക്കുവെടി വയ്ക്കുന്നതില്‍ പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. കിണറിന്റെ വശങ്ങള്‍ ഇടിച്ച് കരയ്‌ക്കെത്തിച്ച ശേഷം ആനയെ കാട്ടിലേക്ക് തുരത്തുന്നതാണ് എളുപ്പമാര്‍ഗം. ഇതുമായി ബന്ധപ്പെട്ട് വനംമന്ത്രിയുടെ നിര്‍ദേശങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
ഇന്നു പുലര്‍ച്ചെയാണ് ഊര്‍ങ്ങാട്ടിരിയിലെ കൃഷിയിടത്തിലെ കിണറ്റില്‍ കാട്ടാന വീണത്. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. തുടര്‍ന്ന് വനംവകുപ്പും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്.