ക്രിസ്ത്യന്‍ വിശുദ്ധന്മാരുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളെയും ഉള്‍പ്പെടുത്തി; മതവിശ്വാസത്തെ കളങ്കപ്പെടുത്തിയെന്ന് ആരോപണം; ഫോട്ടോ ഫ്രെയിം ചെയ്ത സ്ഥാപനം 78,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
ഫോട്ടോ ഫ്രെയിം ചെയ്ത സ്ഥാപനം 78,000/രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: ക്രിസ്ത്യന്‍ വിശുദ്ധന്മാരുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളെയും ഉള്‍പ്പെടുത്തി മതപരമായ വിശ്വാസത്തെ കളങ്കപ്പെടുത്തിയ എതിര്‍കക്ഷി 78,000/രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി. പാലാരിവട്ടം സ്വദേശികളായ ആന്റണി ഫിന്റ്റോള്‍ ഉള്‍പ്പെടെ നാലുപേര്‍ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.
കോയമ്പത്തൂരിലെ കെ.ജി ഇമേജിക എന്ന സ്ഥാപനത്തിന് എതിരെയാണ് പരാതി സമര്‍പ്പിച്ചത്. 2022 ഡിസംബറില്‍ പാലാരിവട്ടത്തെ സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് പള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ച് ക്രിസ്ത്യന്‍ വിശുദ്ധന്മാരുടെ ഫോട്ടോ ഫ്രെയിം ചെയ്ത് എല്ലാവര്‍ക്കും നല്‍കാന്‍ പരാതിക്കാര്‍ തീരുമാനിച്ചു. ഫോട്ടോ തയ്യാറാക്കുന്നതിനായി എതിര്‍കക്ഷി സ്ഥാപനത്തെ സമീപിക്കുകയും ചെയ്തു.
53750 രൂപ പരാതിക്കാര്‍ തന്നെയാണ് ചെലവഴിച്ചത്. 2150 എണ്ണം ഫോട്ടോ ഫ്രെയിം ചെയ്യാന്‍ ആയി കരാര്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ലഭിച്ച ഫോട്ടോ വിശ്വാസികള്‍ക്ക് നല്‍കുകയും അവരവരുടെ വീടുകളിലെ വിശുദ്ധമായ ഒന്നായി അത് പരിഗണിക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് വിശ്വാസികള്‍ ഫോട്ടോകളുടെ എല്ലാം പിന്നില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രമാണ് ഉള്ളതെന്ന് പരാതി വിശ്വാസികള്‍ ഉയര്‍ത്തുകയും പരാതിക്കാരെ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തുകയും ചെയ്തത്.
പരാതിക്കാര്‍ എതിര്‍കക്ഷികളെ സമീപിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ അത് പരിഹരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. ക്രിസ്ത്യന്‍ വിശുദ്ധന്മാരുടെ ചിത്രത്തോടൊപ്പം ഹിന്ദു ദൈവങ്ങളും വന്നത് മതപരമായ വിശ്വാസത്തെ കളങ്കപ്പെടുത്തി എന്നാണ് പരാതി.
എതിര്‍കക്ഷികളുടെ അധാര്‍മികമായ വ്യാപാര രീതി മൂലം പരാതിക്കാര്‍ക്ക് ബുദ്ധിമുട്ടുകളും ധനനഷ്ടവും ഉണ്ടായി എന്ന് ഡി ബി ബിനു പ്രസിഡണ്ടും, വി രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. ഈ സാഹചര്യത്തില്‍ ഫോട്ടോ തയ്യാറാക്കുന്നതിന് വേണ്ടി ചെലവഴിച്ച 53750 രൂപയും, ഇരുപതിനായിരം രൂപ നഷ്ടപരിഹാരവും, 5000 രൂപ കോടതി ചെലവും 45 ദിവസത്തിനകം എതിര്‍കക്ഷി പരാതിക്കാര്‍ക്കു നല്‍കണമെന്ന് കോടതി ഉത്തരവ് നല്‍കി.
പരാതിക്കാര്‍ക്ക് വേണ്ടി അഡ്വ. ടോം ജോസഫ് ഹാജരായി.