ഇരുട്ട് വീണാൽ ഇവിടെ വെളിച്ചം പോലുമില്ല; തെരുവുവിളക്കുകളും അണയും; കാട്ടാന പേടിയിൽ ഒരു പ്രദേശം; ഭീതിയിൽ നാട്ടുകാർ; ഉറക്കമില്ലാതെ മറ്റപ്പള്ളിക്കാർ!

Update: 2024-12-18 15:33 GMT

ഇടുക്കി: ഇടവേളകൾ ഇല്ലാതെ വീടിന് സമീപം കാട്ടാന എത്തുന്ന സാഹചര്യത്തിൽ മറ്റപ്പള്ളി നിവാസികളുടെ ഉറക്കം നഷ്ട്ടപ്പെട്ടിരിക്കുകയാണ്. മലയോര പാതയിൽ കട്ടപ്പന കുട്ടിക്കാനം റൂട്ടിൽ ഒന്നര കിലോമീറ്റർ ഉള്ളിലേയ്ക്ക് മാറി വനമേഖലയോട് അതിർത്തി പങ്കിടുന്ന മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കാട്ടാന ഭീതിയിൽ കഴിയുന്നത്.

കഴിഞ്ഞ ദിവസം രാത്രി മറ്റപ്പള്ളി കുരിശു പള്ളിക്ക് സമീപം കാവടിക്കവല റോഡിൽ ഇരുപ്പയിൽ മേരിക്കുട്ടിയുടെ വീടിന് മുൻ വശത്താണ് കാട്ടാനയെത്തിയത്. ശബ്ദം കേട്ട് മേരിക്കുട്ടി മുറ്റത്തിറങ്ങി നോക്കുമ്പോൾ വീടിന് മുന്നിലായി റോഡിൽ നിൽക്കുന്ന കാട്ടാനയെയാണ് കണ്ടത്. ഇവർ ഉടൻ തന്നെ അകത്ത് കയറി മകനെയും പിന്നാലെ സമീപവാസികളെയും വിളിച്ചറിയിച്ചു. ഒടുവിൽ നാട്ടുകാർ എത്തി ബഹളം വെച്ചതോടെ അല്പം ദൂരം കാട്ടിലേയ്ക്ക് കയറിയെങ്കിലും ആന ഉള്ളിലേയ്ക്ക് മടങ്ങാൻ തയാറായില്ല.

തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്വരാജിൽ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി. പടക്കം പൊട്ടിച്ചും മറ്റും ബഹളം വെച്ചെങ്കിലും ആന ഒരുപാട് ഉള്ളിലേയ്ക്ക് മടങ്ങി പോകാൻ തയാറായില്ല. ഭയചകിതരായ പ്രദേശ വാസികൾ വനത്തിനോട് ചേർന്നുള്ള റോഡകരുകിൽ തീ കത്തിച്ച് കാഞ്ഞ് പുലർച്ചെ മൂന്നര വരെ ഉറക്കമിളച്ച് കാവൽ ഇരുന്ന ശേഷമാണ് ഒടുവിൽ മടങ്ങി പോയത്.

എന്നാൽ ഈ സമയം അരകിലോ മീറ്റർ അകലെയുള്ള കൃഷിയിടത്തിലെ വാഴ വലിച്ചു തിന്ന് നശിപ്പിച്ച ശേഷമാണ് ആന മടങ്ങിയത്. ഇതോടെ കാട്ടാന ഭീതിയും ആക്രമണവും ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ സമാധാന ജീവിതം ഒന്നാകെ തകർന്നിരിക്കുകയാണ്. ഇതിൽ ഉടൻ തന്നെ അധികൃതർ പരിഹാരം കണ്ടെത്തി നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags:    

Similar News