പാപ്പിനിശേരിയില്‍ എമ്പുരാന്റെ വ്യാജ പതിപ്പ് പിടികൂടി; തംബുരു കമ്യൂണിക്കേഷന്‍സ് ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി പിടിയില്‍; ചിത്രത്തിന്റെ വ്യാജ പതിപ്പ് പെന്‍ഡ്രൈവില്‍ പകര്‍ത്തി നല്‍കിയെന്ന് ആരോപണം
പാപ്പിനിശേരിയില്‍ എമ്പുരാന്റെ വ്യാജ പതിപ്പ് പിടികൂടി
കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ വ്യാജ പതിപ്പും. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ള തംബുരു കമ്യൂണിക്കേഷന്‍ ജനസേവന കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്. സ്ഥാപനത്തിലെ ജീവനക്കാരി കീരിയാട് സ്വദേശി രേഖയെ കസ്റ്റഡിയില്‍ എടുത്തു. ലാപ്‌ടോപ്പുകളും ഹാര്‍ഡ് ഡിസ്‌കുകളും പിടിച്ചെടുത്തിട്ടുണ്ട്. ചിത്രത്തിന്റെ വ്യാജ പതിപ്പ് പെന്‍ഡ്രൈവില്‍ കോപ്പി ചെയ്തു നല്‍കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. വളപട്ടണം പൊലീസാണ് വ്യാജ പ്രിന്റ് പിടികൂടിയത്.
അതേസമയം, എമ്പുരാന്റെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓണ്‍ലൈനില്‍ ലഭ്യമായ വ്യാജ പതിപ്പുകള്‍ ഫുള്‍ എച്ച്.ഡി നിലവാരത്തിലുള്ളതാണ്. അതിനാല്‍ തന്നെ തിയറ്ററുകളില്‍ നിന്നു പകര്‍ത്തിയതാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ചിത്രത്തിന്റെ മലയാളം, ഹിന്ദി, തമിഴ് പതിപ്പുകളാണു ചോര്‍ന്നത്. റിലീസ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളിലെല്ലാം ഇതേ പ്രിന്റ് തന്നെയാണു അപ്ലോഡ് ചെയ്തിട്ടുള്ളത്.