മനുഷ്യനിപ്പോഴും കുരങ്ങൻ തന്നെയോ! പരിണാമം പഠിച്ചാൽ നാസ്തികനാകും; പരിണാമത്തെ കുറിച്ച് എന്തും ചോദിക്കാം; എസൻസ് ഗ്ലോബൽ 'ജീനോൺ' ഒക്ടോബർ 12ന് കോഴിക്കോട്

Update: 2024-09-30 09:27 GMT

കോഴിക്കോട്: ശാസ്ത്ര സ്വതന്ത്രചിന്ത സംഘടന എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന പരിണാമ സിദ്ധാന്തം ചർച്ചയാകുന്ന പൊതു സംവാദ പരിപാടി 'ജീനോൺ' ഒക്ടോബർ 12ന് കോഴിക്കോട് സംഘടിപ്പിക്കും. എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം ലിറ്റ്മസ്'24 ലാണ് ജീനോൺ ഉൾപ്പെടുക. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നിഗൂഢമായി തോന്നുന്ന ഒരു കാര്യം എങ്ങനെ ഈ പ്രപഞ്ചം ഉണ്ടായി ജീവനുണ്ടായി താൻ എങ്ങനെ ഉണ്ടായി തുടങ്ങിയ സംശയങ്ങളാണ്. സൃഷ്ടിവാദവും ദൈവവാദവും ജനിക്കുന്നതും, എല്ലാത്തിനും പിന്നിലുമൊരു കാരണമുണ്ടെന്ന് വിശ്വസിക്കാനിഷ്ടപ്പെടുന്നതും പ്രപഞ്ചത്തെക്കുറിച്ച് ജീവനെക്കുറിച്ച് അ‍ഞ്ജരാകുന്നതിലാണ്. പരിണാമം പഠിച്ചാൽ ഒരാൾ സ‍ൃഷ്ടിവാദത്തെ നിരാകരിക്കുമെന്നും, ദൈവം അപ്രസക്തമാകുമെന്നുമാണ് സംഘാടകരുടെ പക്ഷം.

'പരിണാമ ശാസ്ത്രം (Theory of Evolution) മനസ്സിലാക്കിയാൽ, പ്രകൃതിയിലെ ജീവജാലങ്ങളെ പോലെ തന്നെ ഒരാൾ മാത്രമാണ് മനുഷ്യൻ എന്നും അവന്റെ പരിണാമത്തിൽ ഒരു ഘട്ടത്തിലും ദൈവത്തിന് സ്ഥാനമില്ല എന്നും മറ്റേത് ജീവജാലങ്ങളെ പോലെ തന്നെയും ബാഹ്യ ശക്തികളുടെ ഇടപെടൽ ഒന്നും തന്നെ മനുഷ്യന്റെ പരിണാമത്തിൽ ഉണ്ടായിട്ടില്ല എന്നുമുള്ള തിരിച്ചറിവ് ലഭിക്കും. ഒരു സാധാരണ മനുഷ്യന് ചിന്തിക്കാന്‍ പറ്റുന്നതിനേക്കാൾ മുകളിലാണ് ഇതിനുള്ള ഉത്തരങ്ങൾ. പരിമിതമായ അറിവുകൾ വെച്ച് ഇവയൊക്കെ ആരെങ്കിലും സൃഷ്ടിച്ചതാണ് എന്ന് പറഞ്ഞ് തടി തപ്പുകയാണ് മതങ്ങൾ. എല്ലാത്തിനോടും സംശയം തോന്നുന്ന ജീവി വിഭാഗമാണ് മനുഷ്യൻ. പരിണാമം പഠിച്ചാൽ താൻ എങ്ങനെയുണ്ടായി എന്നുള്ള വലിയ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും. ഏതെങ്കിലും മതസംഘിതകളുടെ അടിസ്ഥാനത്തിൽ അല്ല താൻ ജീവിക്കേണ്ടതെന്ന ബോധ്യം വരും. ഈ തിരിച്ചറിവ് ഉണ്ടാകുന്ന പക്ഷം മതിക്കപ്പെടുകയും മനുഷ്യൻ സ്വതന്ത്രനാവുകയും ചെയ്യും. ആയതിനാൽ തന്നെ പരിണാമം പഠിപ്പിക്കേണ്ടതുണ്ട്' 'ജീനോൺ' പരിപാടിയുടെ പാനലിസ്റ്റായ ചന്ദ്രശേഖർ രമേശ് പറയുന്നു.

മനുഷ്യരിപ്പോഴും കുരങ്ങൻ തന്നെ !

സൃഷ്ടിവാദികൾ സ്ഥിരമായി ഉയർത്തുന്ന സംശയങ്ങളിൽ ഒന്നാണ് പരിണാമം ശരിയാണെങ്കിൽ എന്തുകൊണ്ടാണ് ഇപ്പോഴുള്ള കുരങ്ങന്മാർ പരിണമിച്ച് മനുഷ്യർ ആകാത്തത് എന്ന്. ഇത്തരം ആളുകളോട് ശാസ്ത്രപ്രചാരകനായ ചന്ദ്രശേഖർ രമേശിന് കൃത്യമായ മറുപടിയുണ്ട്. മലയാളികളെ സംബന്ധിച്ച് നമ്മൾ കാണുന്ന നാട്ടു കുരങ്ങന്മാർ മുതൽ പലതരത്തിലുള്ള കുരങ്ങന്മാർ ഉണ്ട്. ഇവരെ അല്ല നമ്മുടെ പൊതുപൂർവികൻ. നാട്ടു കുരങ്ങിനെ (bonnet macaque) കണ്ടാണ് പലയാളുകളും ഈ കുരങ്ങന്മാർ എന്താ പരിണമിക്കാത്തതെന്ന് ചോദിക്കുന്നത്. ചിമ്പാൻസിയും മനുഷ്യനും തമ്മിൽ ബന്ധമുണ്ട്. നമ്മൾ കുരങ്ങന്മാരാണോ എന്ന് ചോദിച്ചാൽ തീർച്ചയായും മനുഷ്യൻ ഇപ്പോഴും കുരങ്ങന്മാർ തന്നെയാണ്. Primates എന്ന ഓർഡറിൽ വരുന്ന ആഫ്രിക്കൻ ഏപ്സ് വിഭാഗത്തിൽ പെടുന്ന നമ്മൾ ആ അർത്ഥത്തിൽ കുരങ്ങന്മാർ തന്നെയാണ്. അല്ലാതെ നമ്മൾ സ്ഥിരം കാണുന്ന നാട്ടുകുരങ്ങന്മാരെ നോക്കിയല്ല മനുഷ്യൻ കുരങ്ങനാണോ എന്ന ചോദ്യം ചോദിക്കേണ്ടതെന്നാണ് നിരന്തരമുന്നയിക്കുന്ന ചോദ്യത്തിന് മറുപടിയായി ചന്ദ്രശേഖർ രമേശ് പറയുന്നത്.

സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ ചന്ദ്രശേഖർ രമേശ്, ഡോക്ടർ ദിലീപ് മമ്പള്ളിൽ, ഡോക്ടർ പ്രവീൺ ഗോപിനാഥ് എന്നിവർക്ക് പുറമേ മോഡറേറ്ററായി ടി ആർ ആനന്ദും എത്തും. പൊതു സംവാദ പരിപാടിയിൽ പാനലിസ്റ്റുകളോട് ആർക്കും നേരിട്ട് സംശയങ്ങൾ ചോദിക്കാം. മികച്ച ചോദ്യത്തിന് 5000 രൂപ സമ്മാനത്തുകയും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്. എസൻസ് ഗ്ലോബൽ നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ നാസ്തിക സമ്മേളനം ലിറ്റ്മസ്'24 ലാണ് ജീനോൺ അരങ്ങേറുന്നത്. 2024 ഒക്ടോബർ 12ന് കോഴിക്കോട് സ്വപ്നനഗരിയിലുള്ള കാലിക്കറ്റ് ട്രെയ്ഡ് സെന്ററിലാണ് പരിപാടി നടക്കുന്നത്.

Tags:    

Similar News