പോലിസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഇതരസംസ്ഥാനക്കാരുടെ വീട്ടില്‍ കയറി അതിക്രമം; അഞ്ചുപേര്‍ അറസ്റ്റില്‍

പോലിസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഇതരസംസ്ഥാനക്കാരുടെ വീട്ടില്‍ കയറി അതിക്രമം; അഞ്ചുപേര്‍ അറസ്റ്റില്‍

Update: 2024-10-02 03:42 GMT

കോട്ടയം: പോലീസ് ഉദ്യോഗസ്ഥരെന്നുപറഞ്ഞ് ഇതരസംസ്ഥാനക്കാരുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ അഞ്ചു പേരെ പോലിസ് അറസ്റ്റ് ചെയ്തു. കോട്ടയം ചെറിയപള്ളി പുരയ്ക്കല്‍ വീട്ടില്‍ സാജന്‍ ചാക്കോ (41), പെരുമ്പായിക്കാട് പള്ളിപ്പുറം മങ്ങാട്ടുകാലാ വീട്ടില്‍ എം.എസ്. ഹാരിസ് (44), കൊല്ലാട് ബോട്ടുജെട്ടി കവല ഏലമല വീട്ടില്‍ രതീഷ് കുമാര്‍ (43), തെള്ളകം തെള്ളകശ്ശേരി കുടുന്നനാകുഴിയില്‍ വീട്ടില്‍ സിറിള്‍ മാത്യു (58), നട്ടാശ്ശേരി പൂത്തേട്ട് ഡിപ്പോ കുറത്തിയാട്ട് വീട്ടില്‍ എം.കെ. സന്തോഷ് (43) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

കഴിഞ്ഞദിവസം രാത്രി 10 മണിയോടെ ചൂട്ടുവേലിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതരസംസ്ഥാനക്കാരുടെ വീട്ടിലായിരുന്നു ആക്രമണം. അഞ്ചംഗ സംഘം ഇതര സംസ്ഥാനക്കാരുടെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും, മര്‍ദിക്കുകയും, വീട്ടില്‍ ഉണ്ടായിരുന്നവരുടെ പണവും, ഫോണും, വാച്ചും കവര്‍ന്നെടുത്ത് രക്ഷപ്പെടുകയുമായിരുന്നു.

പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് നടത്തിയ തിരച്ചിലില്‍ അഞ്ചുപേരെയും വിവിധസ്ഥലങ്ങളില്‍നിന്നായി പിടികൂടുകയായിരുന്നു. ഇവര്‍ വിവിധ പോലീസ് സ്റ്റേഷനുകളിലെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ അഞ്ചുപേരെയും റിമാന്‍ഡുചെയ്തു.

Tags:    

Similar News