'യു റീച്ച് യുവർ ഡെസ്റ്റിനേഷൻ..'; തിരുവോണ ദിവസം ഗുഗിൾ മാപ്പ് നോക്കി യാത്ര; ചെറുവഴികളും തോടുകളും താണ്ടി കുടുംബം നേരെ എത്തിയത് പൈനാപ്പിൾ തോട്ടത്തിൽ; രക്ഷകരായി പോലീസ്

Update: 2025-09-16 14:15 GMT

തൃശൂർ: തിരുവോണ ദിവസം ഗൂഗിൾ മാപ്പ് വഴി യാത്ര ചെയ്ത ഒരു കുടുംബം പൈനാപ്പിൾ തോട്ടത്തിൽ കുടുങ്ങിയ സംഭവത്തിൽ പഴയന്നൂർ പോലീസ് രക്ഷകരായി. കുടുംബാംഗങ്ങളുടെ പരിഭ്രാന്തമായ ഫോൺ കോളിനെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കുടുംബത്തെ സുരക്ഷിതമായി പുറത്തെത്തിച്ചത്.

രാവിലെ പഴയന്നൂർ പോലീസ് സ്റ്റേഷനിലേക്ക് ലഭിച്ച ഫോൺ കോളിലാണ് സംഭവം പുറത്തറിഞ്ഞത്. "സാർ, വേഗം വരണം, ഞങ്ങളുടെ വണ്ടി പൈനാപ്പിൾ തോട്ടത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഗൂഗിൾ മാപ്പ് നോക്കി വന്നതാണ്, തിരിച്ചുപോകാൻ പറ്റുന്നില്ല. കൂടെ ചെറിയൊരു കുഞ്ഞുമുണ്ട്," ഒരു സ്ത്രീയുടെ പരിഭ്രാന്തമായ ശബ്ദത്തിൽ പോലീസ് ഉദ്യോഗസ്ഥർക്ക് കേൾക്കാനായി. കുഞ്ഞിൻ്റെ കരച്ചിലും ഒപ്പമുണ്ടായിരുന്നു.

വിഷ്ണു എന്ന സീനിയർ സിവിൽ പോലീസ് ഓഫീസറാണ് കോൾ സ്വീകരിച്ചത്. തുടർന്ന് അദ്ദേഹം സബ് ഇൻസ്പെക്ടർ പൗലോസിനെ വിവരം ധരിപ്പിച്ചു. സ്ഥലത്തിൻ്റെ ലൊക്കേഷൻ ലഭിച്ചയുടൻ, ഇൻസ്പെക്ടർ മുഹമ്മദ് ബഷീറിൻ്റെ നിർദ്ദേശപ്രകാരം സിവിൽ പോലീസ് ഓഫീസർമാരായ ശിവകുമാറും മുഹമ്മദ് ഷാനും സ്റ്റേഷൻ വാഹനവുമായി സ്ഥലത്തേക്ക് തിരിച്ചു.

സ്ഥലത്തെത്തിയപ്പോഴാണ് കാർ പൂർണ്ണമായും ചെളിയിൽ താഴ്ന്നു കിടക്കുന്നതായി പോലീസുകാർ കണ്ടത്. കാറിനകത്ത് രണ്ട് സ്ത്രീകളും ഒന്നര വയസ്സുള്ള ഒരു കുട്ടിയുമുണ്ടായിരുന്നു. സമീപവാസികളിൽ നിന്ന് സഹായം തേടി ഒരു വാഹനം സംഘടിപ്പിക്കുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനം ചെളിയിൽ നിന്ന് പുറത്തെടുത്ത് റോഡിലെത്തിക്കുകയുമായിരുന്നു. സുരക്ഷിതമായി പുറത്തിറങ്ങിയ കുടുംബം പോലീസിനും നാട്ടുകാർക്കും നന്ദി അറിയിച്ചു.

Tags:    

Similar News