ഓണാട്ടുകരയില്‍ ഭരണിനാളുകള്‍ക്ക് തുടക്കം; കെട്ടുകാഴ്ചയൊരുക്കാന്‍ 13 കരകളും, ഭക്തിസാന്ദ്രമായി കുത്തിയോട്ടപ്പുരകള്‍; ചെട്ടികുളങ്ങരയില്‍ കുംഭ ഭരണി ആഘോഷം
ചെട്ടികുളങ്ങര: കാത്തിരിപ്പിന്റെ ഉത്സവമേളത്തിന് തുടക്കം കുറിച്ച് ഓണാട്ടുകരയുടെ ഹൃദയമായ ചെട്ടികുളങ്ങരയില്‍ കുംഭഭരണി ചടങ്ങുകള്‍ക്ക് തുടക്കമായി. ദേവീസന്നിധിയിലേക്കു ഭരണി നാളില്‍ ആനയിക്കാനുള്ള കെട്ടുകാഴ്ചകളുടെ നിര്‍മ്മാണ ജോലികള്‍ 13 കരകളിലും ഇന്ന് ആചാരപരമായി ആരംഭിക്കും. കുംഭഭരണിയുടെ പവിത്രമായ ചടങ്ങുകളിലേക്ക് കടക്കുന്നതോടെ പ്രദേശം മുഴുവന്‍ ഉത്സവലഹരിയിലാണ്.
ക്ഷേത്രവുമായി ബന്ധപ്പെട്ട ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്നീ 13 കരകളിലാണു കെട്ടുകാഴ്ചകള്‍ ഒരുങ്ങുന്നത്. ക്ഷേത്രത്തില്‍ നിന്നുള്ള തീര്‍ത്ഥവുമായി കരയുടെ ആസ്ഥാനത്തെത്തി കെട്ടുകാഴ്ചപ്പുരകളില്‍ തളിച്ച ശേഷം ഉരുപ്പടികള്‍ പുറത്തെടുക്കും. ഫെബ്രുവരി 23-ന് വൈകിട്ടു കെട്ടുകാഴ്ചകള്‍ കാഴ്ചക്കണ്ടത്തില്‍ അണിനിരക്കും.
കുത്തിയോട്ടപ്പാട്ടിന്റെ ഈരടികള്‍ മുഴങ്ങുന്ന രാത്രികള്‍ക്ക് ഓണാട്ടുകരയില്‍ ഇന്നു തുടക്കമാകും. 16 കുത്തിയോട്ട വീടുകളില്‍ നിന്നുള്ള വഴിപാടുകാര്‍ കുത്തിയോട്ട കുട്ടികളുമായി ഇന്നു രാവിലെ ചെട്ടികുളങ്ങര ദേവീ ക്ഷേത്ര ദര്‍ശനം നടത്തും. ക്ഷേത്രത്തില്‍ പൂജിച്ച മാല കുട്ടികളുടെ കഴുത്തില്‍ അണിയിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. സന്ധ്യയോടെ വീടുകളില്‍ ഒരുക്കിയ മണ്ഡപങ്ങളില്‍ ദേവീ മാഹാത്മ്യം ചൊല്ലി കുട്ടികളെ ചുവടുകള്‍ അഭ്യസിപ്പിച്ചു തുടങ്ങും.
ചെട്ടികുളങ്ങര ഭഗവതി പിതൃസ്ഥാനത്തുള്ള മഹാദേവനെ ദര്‍ശിക്കാനായി കണ്ണമംഗലം തെക്ക് മഹാദേവര്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുന്നത് ശിവരാത്രി നാളിലാണ്. ഇന്നു രാവിലെ ശിവപുരാണ പാരായണവും ജലധാരയും നടക്കും. വൈകിട്ട് പോളവിളക്കിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഭഗവതിയെ എഴുന്നള്ളിക്കും. തുടര്‍ന്നു നടക്കുന്ന പിതൃപുത്രീ സംഗമവും കൂടിയെഴുന്നള്ളത്തും ഭക്തര്‍ക്ക് പുണ്യദര്‍ശനമാകും.
ഫെബ്രുവരി 23-ന് നടക്കുന്ന കുംഭഭരണിയും തുടര്‍ന്ന് 24-ന് പുലര്‍ച്ചെയുള്ള ഭഗവതിയുടെ എഴുന്നള്ളത്തും ദര്‍ശിക്കാന്‍ വന്‍ ഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്.