പ്രദേശത്തെ നടുക്കി ആകാശം മുട്ടെ തീയും പുകയും; ആർക്കും മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥ; കുടലൂരിൽ ആക്രി ഗോഡൗണിൽ വൻ തീപിടുത്തം; തൊഴിലാളികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
പാലക്കാട്: പട്ടാമ്പി കുടലൂരിൽ പ്രവർത്തിക്കുന്ന ആക്രി ഗോഡൗണിൽ വൻ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. തീപിടിത്തത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്.
കുടലൂരിലെ ജാഫറിന്റെ ഉടമസ്ഥതയിലുള്ള ആക്രി സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. അമ്പതിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനമാണിത്. ഉച്ചഭക്ഷണത്തിനായി തൊഴിലാളികൾ പുറത്തുപോയ സമയത്താണ് ഗോഡൗണിൽനിന്ന് തീ പടർന്നതെന്നാണ് സൂചന. ടയറുകൾ കത്തിയാണ് തീ പടർന്നതെന്നാണ് നിലവിലെ നിഗമനം.
വിവരമറിഞ്ഞ് ഉച്ചയ്ക്ക് തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും വലിയ തോതിലുള്ള തീയും പുകയും കാരണം മുന്നോട്ട് പോകാൻ പ്രയാസപ്പെട്ടു. തുടർന്ന് ഷൊർണൂരിൽ നിന്നും പട്ടാമ്പിയിൽ നിന്നും കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയത്. തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും സ്ഥലത്ത് തുടരുന്നുണ്ട്.