രാത്രി അതുവഴി പോയ യാത്രക്കാരുടെ കണ്ണിൽ കണ്ട തീഗോളം; ബഹളം കേട്ട് നാട്ടുകാർ അടക്കം ഓടിയെത്തി; മലപ്പുറത്തെ വെളിച്ചെണ്ണ സംഭരണ ശാലയിൽ വൻ തീപിടുത്തം; ഉടമയ്ക്ക് കോടികളുടെ നഷ്ടം
മലപ്പുറം: കാരിപറമ്പിലെ യുറാനസ് ഫുഡ് പ്രൊഡക്‌സ് എന്ന വെളിച്ചെണ്ണ ഉത്പാദന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ ഏകദേശം ഒരു കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചു. ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് സംഭവം നടന്നത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
സ്ഥാപനത്തിലെ കൊപ്ര, വെളിച്ചെണ്ണ സംഭരണശാലകളിലാണ് തീ പടർന്നത്. തീ അതിവേഗം പടർന്നതിനെ തുടർന്ന് മെഷിനറികളും വെളിച്ചെണ്ണയും ഉൾപ്പെടെ വലിയ അളവിൽ സാധനങ്ങൾ കത്തിനശിച്ചു. സ്ഥാപനത്തിലെ വൈദ്യുതീകരണം പൂർണ്ണമായും നശിച്ചു. സംഭരണശാലയിൽ നിന്ന് പുറത്തേക്ക് ഒഴുകിപ്പരന്ന വെളിച്ചെണ്ണ റോഡിലേക്ക് വ്യാപിച്ചതിനെത്തുടർന്ന് സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാൻ അഗ്നിശമന സേനാംഗങ്ങൾ മണിക്കൂറുകളോളം പരിശ്രമിച്ചു.
മുക്കം, മഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് അഗ്നിശമന യൂണിറ്റുകളാണ് സ്ഥലത്തെത്തി തീയണച്ചത്. ഒന്നര മണിക്കൂറത്തെ ശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചു. റോഡിലേക്ക് ഒഴുകിയെത്തിയ വെളിച്ചെണ്ണയെ അഗ്നിശമന സേനാംഗങ്ങൾ വാഹനങ്ങളിലെ വെള്ളം പമ്പ് ചെയ്ത് കഴുകി നീക്കം ചെയ്ത് ഗതാഗത യോഗ്യമാക്കി.
ഈ സംഭവം അരിക്കോട് മേഖലയിൽ ഒരു പുതിയ ഫയർ സ്റ്റേഷൻ സ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകത വീണ്ടും ഉയർത്തിക്കാട്ടുന്നു. സമീപത്ത് ഫയർ സ്റ്റേഷൻ ഇല്ലാത്തതിനാൽ മുക്കത്തും മഞ്ചേരിയിൽ നിന്നുമുള്ള അഗ്നിശമന സേനയ്ക്ക് എത്താൻ കാലതാമസം നേരിട്ടതായി നാട്ടുകാർ ചൂണ്ടിക്കാട്ടി.