കോന്നി മെഡിക്കൽ കോളേജിലെ ജനറേറ്റർ മുറിയിൽ തീപ്പിടിത്തം; രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി; ഒഴിവായത് വൻ ദുരന്തം
പത്തനംതിട്ട: കോന്നി ഗവൺമെൻ്റ് മെഡിക്കൽ കോളേജ് വളപ്പിലെ ജനറേറ്റർ മുറിയിലുണ്ടായ തീപ്പിടിത്തത്തെ തുടർന്ന് ചികിത്സയിലായിരുന്ന രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വൈകുന്നേരം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ ആളപായമോ മറ്റ് കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടിക്കാൻ കാരണം ഷോർട്ട് സർക്ക്യൂട്ട് ആകാം എന്നാണ് പ്രാഥമിക നിഗമനം.
മെഡിക്കൽ കോളേജിൻ്റെ ജനറേറ്റർ മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ ആശുപത്രി അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് രോഗികളെ മാറ്റിപ്പാർപ്പിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. രോഗികളെ പുറത്തിറക്കിയാണ് തീ നിയന്ത്രിച്ചത്.
മെഡിക്കൽ കോളേജിലെ ഫെസിലിറ്റി മെയിന്‍റനൻസ് വിഭാഗം സമയബന്ധിതമായി ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഡീസൽ ടാങ്കിലേക്ക് തീ പിടിക്കാത്തതിനാല്‍ സ്ഫോടനം ഒഴിവായി. നിലവില്‍ ജനറേറ്റർ വീണ്ടും പ്രവർത്തിപ്പിച്ചു തുടങ്ങി. ഇന്ന് വൈദ്യുതി മുടങ്ങിയതിനാല്‍ മുഴുവൻ സമയവും ജനറേറ്റർ പ്രവർത്തിക്കുകയായിരുന്നു.