30 അടിയുള്ള സെപ്ടിക് ടാങ്ക് കുഴിയില്‍ വീണ ഗര്‍ഭിണി പശുവിനെ മൂന്നു മണിക്കൂര്‍ പ്രയത്നത്തിനൊടുവില്‍ രക്ഷിച്ചു; പത്തനംതിട്ടയിലെ ഫയര്‍ ഫോഴ്സ് മഞ്ഞുമ്മല്‍ ബോയ്സ് ആയപ്പോള്‍
പത്തനംതിട്ടയിലെ ഫയര്‍ ഫോഴ്സ് മഞ്ഞുമ്മല്‍ ബോയ്സ് ആയപ്പോള്‍
പത്തനംതിട്ട: ഉപയോഗിക്കാതെ കിടന്ന ആഴമേറിയ സെപ്ടിക് ടാങ്കില്‍ വീണ ഗര്‍ഭിണിപ്പശുവിനെ മൂന്നു മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് രക്ഷിച്ചു. പത്തനംതിട്ട ചെന്നീര്‍ക്കര തോമ്പില്‍ പടിഞ്ഞാറ്റേതില്‍ ഗോപിയുടെ എട്ടുമാസം ഗര്‍ഭിണിയായ പശുവാണ് മുറിപ്പാറ തോമ്പിക്കടവ് ഭാഗത്ത് വര്‍ഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുന്ന സെപ്ടിക് ടാങ്കില്‍ വീണത്. അമ്മിണി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പറമ്പ്.
ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പശു വീണത്. വൈകിട്ട് നാലേകാലോടെ പശുവിനെ കരയ്ക്ക് എത്തിച്ചു. 30 അടി താഴ്ചയാണ കക്കൂസ് കുഴിക്ക് ഉണ്ടായിരുന്നത്. വായുസഞ്ചാരം കുറവും മണ്ണ് ഇടിഞ്ഞു വീഴാന്‍ സാധ്യത ഉണ്ടായിരുന്നതുമായ കുഴിയില്‍ എയര്‍ സിലിണ്ടര്‍ ഉപയോഗിച്ച് ഫയര്‍ ഓഫീസര്‍മാരായ എസ്. അസിം, കെ.ആര്‍. വിഷ്ണു എന്നിവര്‍ ഇറങ്ങി. വടവും ഹോസും ഉപയോഗിച്ച് പശുവിനെ കെട്ടിക്കയറ്റനാണ് ശ്രമിച്ചത്. എന്നാല്‍, പശു കുഴിക്കുള്ളില്‍ കുടുങ്ങി.
തൊട്ടടുത്തു തന്നെ അച്ചന്‍കോവിലാര്‍ ഉള്ളതിനാല്‍ സേനയുടെ ഫ്ളോട്ട് പമ്പ് ഉപയോഗിച്ചു അവിടെ നിന്ന് വെള്ളം പമ്പ് ചെയ്ത് ടി കുഴി നിറച്ചു. തുടര്‍ന്ന് കെട്ടിയിരുന്ന ഹോസില്‍ പിടിച്ച് ഉയര്‍ത്തി പശു വിനെ കരയില്‍ എത്തിച്ചു ഉടമസ്ഥനെ ഏല്പിക്കുകയും ചെയ്തു.
പത്തനംതിട്ട ഫയര്‍ സ്റ്റേഷനില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എ. സാബുവിന്റെ നേതൃത്വത്തില്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ്. രഞ്ജിത്ത്, പി. തൃതീപ്, വി. ഷൈജു, ഷമ്ജികുമാര്‍, ജെ. മോഹനന്‍, ടി. അജു, ഫയര്‍വിമെന്‍ അഞ്ജലി അനില്‍കുമാര്‍, എം. മായ, ഹോംഗാര്‍ഡുമാരായ ടി.ആര്‍.മുരളീധരന്‍, വി. സന്തോഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.