പമ്പയില്‍ ഡ്യൂട്ടി സമയത്ത് കാറിലിരുന്ന് മദ്യപിച്ചു; രണ്ട് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍; ഒപ്പം പിടിയിലായ രണ്ടു വനംവകുപ്പ് ജീവനക്കാര്‍ക്കെതിരേയും നടപടി വന്നേക്കും

പമ്പയില്‍ ഡ്യൂട്ടി സമയത്ത് കാറിലിരുന്ന് മദ്യപിച്ചു

Update: 2025-01-09 06:16 GMT

പത്തനംതിട്ട: പമ്പയില്‍ ശബരിമല സ്പെഷല്‍ ഡ്യൂട്ടിക്കിടെ മദ്യപിച്ചതിന് പോലീസ് പിടിയിലായ രണ്ട് അഗ്‌നിരക്ഷാ സേന ജീവനക്കാരെ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എസ്. സുബീഷ് (ചങ്ങനാശേരി നിലയം), പി. ബിനു (ഗാന്ധിനഗര്‍ നിലയം) എന്നിവരെയാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ കെ. പത്മകുമാറിന്റെ നിര്‍ദേശപ്രകാരം സസ്പെന്‍ഡ് ചെയ്തത്.

ഡിസംബര്‍ 28 ന് 10.45 നാണ് പമ്പ കെഎസ്ഇബി വാഹന ചാര്‍ജിങ് സ്റ്റേഷന് ഉള്ളില്‍ നിര്‍ത്തിയിട്ട കാറില്‍ നാലംഗ സംഘം മദ്യപാനം നടത്തിയത്. വനംവകുപ്പിലെ രണ്ട് ജീവനക്കാരാണ് സുബീഷിനും ബിനുവിനുമൊപ്പമുണ്ടായിരുന്നത്. പോലീസ് പിടിയിലായ ഇവര്‍ക്കെതിരേ അബ്കാരി ആക്ട് അടക്കം ചുമത്തി കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.

പമ്പ എസ്.ഐയുടെ റിപ്പോട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്കൊപ്പം പിടിയിലായ വനംവകുപ്പ് ജീവനക്കാര്‍ക്കെതിരേയും നടപടി ഉണ്ടാകുമെന്നാണ് സൂചന.

Tags:    

Similar News