നടുക്കടലിൽ മത്സ്യബന്ധന ബോട്ടിന്റെ എഞ്ചിൻ തകരാറിലായി; തൊഴിലാളികൾ എല്ലാം കടലിൽ കുടുങ്ങി; ഒടുവിൽ രക്ഷകരായി മറൈൻ എൻഫോഴ്സ്മെന്റ്; എല്ലാവരെയും സേഫായി കരയ്ക്കെത്തിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-02-04 17:15 GMT
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കുടുങ്ങിയ ബോട്ടിനെയും തൊഴിലാളികളെയും മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ രക്ഷിച്ച് കരയ്ക്കെത്തിച്ചു. വിഴിഞ്ഞം ഹാർബറിൽനിന്നും തെക്കു ഭാഗത്തായി മൂന്ന് നോട്ടിക്കൾ മൈൽ അകലെ എൻജിൻ തകരാറിലായി കിടന്ന ബോട്ടും അതിലുണ്ടായിരുന്ന തൊഴിലാളികളേയുമാണ് മറൈൻ എൻഫോഴ്സ്മെന്‍റ് കരയ്ക്കെത്തിച്ചത്.
കൊല്ലം സ്വദേശി അനിൽ ജോൺ എന്ന വ്യക്തിയുടെ ഉടമസ്ഥയിൽ ഉള്ള ബോട്ടാണ് മത്സ്യബന്ധനത്തിനിടെ എൻജിൻ തകരാറിനെ തുടർന്ന് കടലിൽ പെട്ടു പോയത്.
വിഴിഞ്ഞത്തുനിന്നും മറൈൻ ആംബുലൻസിൽ മറൈൻ എൻഫോഴ്സ്മെന്റ് എസ്.ഐ ദീപുവിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ തകരാറിലായ ബോട്ടിനെയും അതിലുണ്ടായിരുന്ന അഞ്ച് മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി വിഴിഞ്ഞം ഹാർബറിൽ എത്തിച്ചു.