ബാഗുകളിലും ബിഗ്‌ഷോപ്പറിലുമായി സൂക്ഷിച്ചിരുന്നത് 28 കുപ്പി വിദേശമദ്യം; വടകരയിൽ കന്യാകുമാരി സ്വദേശി പിടിയിൽ
വടകര: വിദേശമദ്യവുമായി കന്യാകുമാരി സ്വദേശി കോഴിക്കോട് വടകരയിൽ പിടിയിൽ. 28 കുപ്പി വിദേശമദ്യമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. കന്യാകുമാരി കൽക്കുളം പുല്ലാനിവിള വീട്ടിൽ ദാസ് (48) ആണ് അറസ്റ്റിലായത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ അഴിയൂർ പ്രീമെട്രിക് ഹോസ്റ്റലിന് സമീപത്തുവെച്ചാണ് എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്.
ബാഗുകളിലും ബിഗ്‌ഷോപ്പറിലുമായി സൂക്ഷിച്ചിരുന്ന മദ്യമാണ് പിടിച്ചെടുത്തത്. കുറഞ്ഞ വിലയ്ക്ക് ഇവിടെനിന്ന് മദ്യം വാങ്ങി സ്വന്തം നാടായ കന്യാകുമാരിയിൽ കൊണ്ടുപോയി വിൽപ്പന നടത്താനാണ് പ്രതി ശ്രമിച്ചതെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വടകര റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജയപ്രസാദ്, പ്രിവന്റീവ് ഓഫീസർ വിജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സച്ചിൻ, രാജൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.