അടിമാലിയില്‍ തീപിടിത്തത്തെ തുടര്‍ന്ന് ഒരു കുടുംബത്തിലെ നാല് പേര്‍ മരിക്കാന്‍ ഇടയായ സംഭവം; ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്; മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു
അടിമാലി: ഇടുക്കി ജില്ലയിലെ വെള്ളത്തൂവല്‍ സ്റ്റേഷന്‍ പരിധിയിലെ പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് പ്രാഥമിക നിഗമനം. ഫൊറന്‍സിക് പരിശോധനയിലാണ് ഷോര്‍ട്ട് സര്‍ക്ക്യൂട്ട് എന്ന് നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), മക്കളായ അഭിനന്ദ് (10), അഭിനവ് (4), ശുഭയുടെ മാതാവ് പൊന്നമ്മ (70) എന്നിവരാണ് മരിച്ചത്. കത്തി നശിച്ച വീടിന്റെ അവശിഷ്ടങ്ങള്‍ പരിശോധിക്കവെ, ഇന്ന് രാവിലെ മൃതദേഹാവശിഷ്ടങ്ങള്‍ കൂടി കണ്ടെത്തുകയായിരുന്നു. കുട്ടിയായ അഭിനവിന്റെ മൃതദേഹം നാട്ടുകാര്‍ ഇന്നലെ രാത്രി തന്നെ കണ്ടെത്തിയിരുന്നു.
തീപിടിത്ത വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ്, ഡോഗ് സ്‌ക്വാഡ്, ഫൊറന്‍സിക് ടീം അടക്കമുള്ള സംഘം ഇന്ന് രാവിലെ വീട്ടിലെത്തിയാണ് തെളിവെടുപ്പ് നടത്തിയത്. ആദ്യ അന്വേഷണത്തില്‍ വീടിന്റെ വൈദ്യുതി കണക്ഷനിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.