മുക്കുപണ്ടം പണയം വെച്ച് തട്ടിയത് ലക്ഷങ്ങൾ; കുടുംബത്തോടൊപ്പം വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ പ്രതി പിടിയിൽ; മഹാരാഷ്ട്ര സ്വദേശി സന്തോഷിനെ മുംബൈ വിമാനത്താവളത്തിൽ നിന്നും പൊക്കി കേരള പോലീസ്

Update: 2025-09-04 10:02 GMT

നെടുമ്പാശ്ശേരി: എടമുട്ടത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് 9.70 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെയാണ് മഹാരാഷ്ട്ര സ്വദേശി സന്തോഷിനെ (35) നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്.

എടമുട്ടത്തെ സ്വർണ്ണപ്പണയ സ്ഥാപനത്തിലെ മാനേജർ ഷണ്മുഖന്റെ പരാതിയിലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജൂലൈ 31 മുതൽ ഈ വർഷം ഏപ്രിൽ 10 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഏകദേശം 20 വർഷത്തോളമായി എടമുട്ടത്ത് കുടുംബസമേതം താമസിച്ചു വരികയായിരുന്ന സന്തോഷ്, ധനകാര്യ സ്ഥാപനത്തിൽ വർഷങ്ങളായി സ്വർണ്ണം പണയം വെക്കാറുണ്ടായിരുന്നു.

കൂടാതെ, മറ്റുള്ളവർ പണയം വെക്കുന്ന സ്വർണ്ണത്തിന്റെ മാറ്റുരച്ച് നോക്കുന്ന ജോലിയും ഇയാൾ ചെയ്തിരുന്നു. സ്ഥാപനത്തിലെ ജീവനക്കാർക്ക് സന്തോഷിനെ പരിചയമുണ്ടായിരുന്നതിനാലും, ആഭരണങ്ങളിൽ '916' മുദ്രയുണ്ടായിരുന്നതിനാലും പണയം വെച്ച ആഭരണങ്ങൾ അവർ വിശദമായി പരിശോധിച്ചില്ല. പണയം വെച്ച സ്വർണ്ണത്തിന്റെ തൂക്കം പരിശോധിക്കാൻ വിളിച്ചപ്പോൾ സന്തോഷിനെ ഫോണിൽ കിട്ടാതെ വന്നതിനെ തുടർന്ന് ജീവനക്കാർ ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിലെത്തിയപ്പോഴാണ്ണ് തട്ടിപ്പ് പുറത്ത് വരുന്നത്.

പ്രതി ഭാര്യയും കുട്ടികളുമായി നാടുവിട്ടതായി ജീവനക്കാർക്ക് മനസ്സിലായി. തുടർന്ന് സ്ഥാപനം പോലീസിൽ പരാതി നൽകുകയായിരുന്നു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേക്ക് രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമം വിമാനത്താവളത്തിൽ വെച്ച് പൊളിയുകയായിരുന്നു.

Tags:    

Similar News