അഞ്ഞൂറാനും അഖിലും അസമിൽ നിന്നെത്തിയത് ട്രെയിൻ മാർഗം; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ലഹരിക്കച്ചവടം; പരിശോധനയിൽ പിടിച്ചെടുത്തത് മൂന്നരക്കിലോ കഞ്ചാവ്
കൊല്ലം: ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ മൂന്നരക്കിലോ കഞ്ചാവുമായി അസമിൽ നിന്നെത്തിയ രണ്ട് പേരെ പോലീസ് പിടികൂടി. തേവനൂർ സ്വദേശികളായ അഖിൽ, അഞ്ഞൂറാൻ എന്ന അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. കൊല്ലം റൂറൽ ഡാൻസാഫ് ടീമും ചടയമംഗലം പോലീസും സംയുക്തമായാണ് ഇവരെ സാഹസികമായി പിടികൂടിയത്.
അസമിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവെത്തിച്ച പ്രതികൾ വർക്കലയിൽ ഇറങ്ങി ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പോലീസ് സംഘം ഇവരെ പിടികൂടിയത്. പിടിയിലായ അഖിൽ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഒരു വർഷം മുൻപ് കൊല്ലം റൂറൽ പോലീസ് നാല് കിലോ കഞ്ചാവുമായി ഇയാളെ പിടികൂടിയിരുന്നു. കൊല്ലം ജില്ലയിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ലഹരിക്കച്ചവടം എന്നും പോലീസ് അറിയിച്ചു.
കൊല്ലം റൂറൽ എസ്പി വിഷ്ണുപ്രദീപിന്റെ നിർദ്ദേശപ്രകാരം ചടയമംഗലം ഇൻസ്‌പെക്ടർ സുനീഷ്, കൊല്ലം റൂറൽ ഡാൻസാഫ് എസ്‌ഐമാരായ ബാലാജി, ജ്യോതിഷ് ചിറവൂർ, ഡാൻസാഫ് അംഗങ്ങളായ സജുമോൻ, ദിലീപ്, വിപിൻ ക്ലീറ്റസ്, അനീഷ്, ആദർശ്, ആലിഫ് ഖാൻ, ചടയമംഗലം എസ്‌ഐ മോനിഷ്, ബിനിൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.