വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം; ഉത്തര്‍പ്രദേശിൽ മധ്യവയസ്‌കനെ അടിച്ചു കൊലപ്പെടുത്തി 18-കാരി; തലയിൽ ആഴത്തിൽ മുറിവ്
ലഖ്നൗ: ബലാത്സംഗം ചെയ്യാൻ ശ്രമിച്ച മധ്യവയസ്കനെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ 18 വയസ്സുകാരിയെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. സ്വയം പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടത്തിയതെന്ന് യുവതി പൊലീസിനോട് മൊഴി നൽകി. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ മുർവാൾ ഗ്രാമത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
സുഖ്‌രാജ് പ്രജാപതി (50) എന്നയാളുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം 3:30 ഓടെ ഒരു വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ട് തലയ്ക്ക് മാരകമായ മുറിവേറ്റ നിലയിലായിരുന്നു മൃതദേഹമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) രാജേന്ദ്ര സിങ് രജാവത് പറഞ്ഞു. പ്രജാപതിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പൊലീസ് കൊലപാതകത്തിന് കേസെടുക്കുകയും രാത്രിയോടെ യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തന്റെ വീട്ടിൽ അതിക്രമിച്ച് കയറി പ്രജാപതി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും, സ്വയം രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് ഇയാളെ അടിക്കുകയായിരുന്നുവെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തി.