ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചരിത്രത്തില്‍ ഇതാദ്യം; ഞായറാഴ്ച്ച നടക്കുക 354 കല്യാണങ്ങള്‍; താലികെട്ട് പുലര്‍ച്ചെ നാലുമുതല്‍; വിപുലമായ ക്രമീകരണങ്ങളും

ഒരേ സമയം ആറ് മണ്ഡപങ്ങളിലായാണ് കല്യാണം നടക്കുന്നത്‌

Update: 2024-09-07 09:27 GMT

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വിവാഹം നാളെ നടക്കും.സെപ്തംബര്‍ 8 ഞായറാഴ്്ച്ച 354 കല്യാണങ്ങളാണ് ഇതുവരെ ശീട്ടാക്കിയിട്ടുള്ളത്.നാളെ രാവിലെ വരെ ഇത് തുടരാമെന്നതിനാല്‍ എണ്ണം ഇനിയും കൂടിയേക്കാ

മെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.ഒരേ സമയം ആറ് മണ്ഡപങ്ങളിലായാണ് കല്യാണം നടക്കുന്നത്.നിലവില്‍ പുലര്‍ച്ചെ അഞ്ച് മുതലാണ് താലികെട്ട് ആരംഭിക്കുന്നത്.എന്നാല്‍ അഭൂതപൂര്‍വ്വമായ തിരക്ക് കണക്കിലെടുത്ത് നാളെ ഒരു മണിക്കൂര്‍ നേരത്തെ പുലര്‍ച്ചെ നാല് മുതല്‍ താലികെട്ട് തുടങ്ങും.

വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്.വിവാഹത്തിനായി എത്തുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.വിവാഹകാര്‍മികരായി അഞ്ചുപേരെ അധികമായി നിയോഗിച്ചു. മംഗളവാദ്യക്കാരായി രണ്ടു സംഘങ്ങളെയും നിശ്ചയിച്ചിട്ടുണ്ട്.

മണ്ഡപത്തിലെ ക്രമീകരണം

വിവാഹസംഘങ്ങള്‍ തെക്കേനടയിലെ പട്ടര്‍കുളത്തിനടുത്തുളള താത്കാലിക പന്തലിലേക്കെത്തണം. വധൂവരന്‍മാരും ബന്ധുക്കളും ഉള്‍പ്പെടെ 20 പേര്‍. കൂടാതെ ഫോട്ടോ-വീഡിയോഗ്രാഫര്‍മാരായി നാലുപേരും. ഇത്രയും പേരെയാണ് മണ്ഡപത്തിലേക്ക് പ്രവേശിപ്പിക്കുക. ബാക്കിയുള്ള ബന്ധുക്കള്‍ക്ക് കിഴക്കേനടയിലൂടെ മണ്ഡപങ്ങള്‍ക്കു സമീപത്തെത്താം.

താലികെട്ട് കഴിഞ്ഞാല്‍ വധൂവരന്മാരെ ദീപസ്തംഭത്തിനു മുന്‍പില്‍ ഫോട്ടോ എടുക്കാന്‍ അനുവദിക്കില്ല. വധൂവരന്മാരും ഒപ്പമുള്ളവരും കിഴക്കേനട വഴി മടങ്ങിപ്പോകണം. കിഴക്കേ നടപ്പന്തലില്‍ കല്യാണസംഘങ്ങളെ മാത്രമേ നില്‍ക്കാന്‍ അനുവദിക്കൂ. ദീപസ്തംഭത്തിനു മുന്‍പില്‍ തൊഴാനുള്ളവര്‍ക്ക് ക്യൂപ്പന്തലിലെ ആദ്യത്തെ വരിയിലൂടെ (കല്യാണമണ്ഡപങ്ങളുടെ തൊട്ടു വടക്ക്) വരാം.

വാഹനങ്ങള്‍ നിര്‍ത്തേണ്ടത്

ശ്രീകൃഷ്ണ ഹൈസ്‌കൂള്‍ ഗ്രൗണ്ട്,പടിഞ്ഞാറേനടയിലെ മായാ പാര്‍ക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ അനുവദിക്കില്ല. കൂടാതെ ദേവസ്വത്തിന്റെ ബഹുനില പാര്‍ക്കിങ് സമുച്ചയങ്ങളും നഗരസഭയുടെ കിഴക്കേനട മൈതാനവും ചെറിയ പാര്‍ക്കിങ് കേന്ദ്രങ്ങളുമുണ്ട്

പ്രദക്ഷിണവും അനുവദിക്കില്ല.

ക്ഷേത്രത്തില്‍ ദര്‍ശനത്തിനുള്ള വരി വടക്കേ നടപ്പുരയില്‍നിന്നാണ്.പ്രധാന ക്യൂപ്പന്തലിലൂടെ അകത്തേക്ക് പ്രവേശിപ്പിച്ച് കൊടിമരം വഴി നേരെ നാലമ്പലത്തിലേക്ക് തുടര്‍ന്ന് ദര്‍ശനത്തിനുശേഷം പടിഞ്ഞാറേനട വഴിയോ തെക്കേ തിടപ്പള്ളി കവാടം വഴിയോ പുറത്തേക്ക് പോകാം. ഭഗവതികവാടം വഴി മടങ്ങാന്‍ അനുവദിക്കില്ല. ക്ഷേത്രത്തിനകത്ത് പ്രദക്ഷിണമോ ശയനപ്രദക്ഷിണമോ അന്ന് അനുവദിക്കില്ല.

വിവാഹങ്ങള്‍ തടസ്സങ്ങളില്ലാതെ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയനും ഭാരവാഹികളും അറിയിച്ചു.

Tags:    

Similar News